മുടിക്കയത്ത്‌ കാട്ടാനകളുടെ വിളയാട്ടം

മുടിക്കയത്ത്‌ കാട്ടാനകൾ തകർത്ത കൃഷിയിടങ്ങളിലൊന്ന്‌


ഇരിട്ടി> അയ്യൻകുന്നിലെ മുടിക്കയം മേഖലയിൽ കാട്ടാനശല്യം രൂക്ഷം. കശുവണ്ടി പെറുക്കുന്നതിനിടെ കാട്ടാനകളെ കണ്ട്‌ ഓടിയ ഇല്ലിക്കകുന്നേൽ മാത്യു, പല്ലാട്ടുകുന്നേൽ ബിജു എന്നിവർക്ക്‌ വീണ്‌ പരിക്കേറ്റു. നിരവധി കർഷകരുടെ തെങ്ങ്, വാഴ, കശുമാവ്  കൃഷി നശിപ്പിച്ചു. ഇല്ലിക്കക്കുന്നേൽ ജോഷി സിനു, പല്ലാട്ടുകുന്നേൽ ബിജു, സാബു, ജോബി, ജോയി, കുറ്റിയാനിക്കൽ സജി, നടുവത്ത് സുബ്രഹ്മണ്യൻ എന്നിവരുടെ ഏക്കർ കണക്കിന് സ്ഥലത്തെ കൃഷികൾ  നശിപ്പിച്ചു.   മുടിക്കയം, കച്ചേരിക്കടവ്, പാലത്തിൻകടവ്, പാറക്കാമല പ്രദേശങ്ങളിൽ മാസങ്ങളായി കാട്ടാനശല്യം രൂക്ഷമാണ്. കേരള, കർണാടക വനങ്ങളിൽനിന്നാണ്‌ ആനകളെത്തുന്നത്. പകൽ സമയത്തടക്കം ആനകൾ ജനവാസ മേഖലയിൽ തമ്പടിക്കുന്നു. മുടിക്കയത്ത് പതിനഞ്ചോളം കാട്ടാനകളാണ്‌ കഴിഞ്ഞ ദിവസം ഇറങ്ങിയത്‌.     പ്രതിരോധമില്ല സംസ്ഥാന അതിർത്തി ഗ്രാമങ്ങളായ മുടിക്കയം, കച്ചേരിക്കടവ്, പാലത്തിൻകടവ്, പാറക്കാമല പ്രദേശങ്ങൾ കാട്ടാന ഭീതിയിലായിട്ട്‌ മാസങ്ങളായി. ആറളം വനം, കർണാടകത്തിലെ ബ്രഹ്മഗിരി സംരക്ഷിത  വനം എന്നിവിടങ്ങളിൽനിന്നാണ്‌ ആനക്കൂട്ടമെത്തുന്നത്‌. വനാതിർത്തികളിൽ പ്രതിരോധ സംവിധാനമില്ല. ചിലയിടത്ത്‌ വൈദ്യുതി വേലിയുണ്ടെങ്കിലും പ്രവർത്തനക്ഷമമല്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദപഠനം നടത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ പദ്ധതി തയ്യാറാക്കണമെന്ന്‌ അയ്യൻകുന്ന് പഞ്ചായത്തംഗം ബിജോയി പ്ലാത്തോട്ടം ആവശ്യപ്പെട്ടു.  ആനകളിൽനിന്ന്‌ സുരക്ഷയൊരുക്കിയില്ലെങ്കിൽ ജനകീയ പ്രക്ഷോഭം നടത്തുമെന്നും ബിജോയ്‌ പറഞ്ഞു. Read on deshabhimani.com

Related News