വന്യജീവി ആക്രമണം: സെക്രട്ടറിതല ചർച്ച ഇന്ന്‌ ഡൽഹിയിൽ



തിരുവനന്തപുരം വന്യജീവി ആക്രമണം തടയാൻ സഹായം ആവശ്യപ്പെട്ടുള്ള കേരളത്തിന്റെ നിർദേശം ചർച്ച ചെയ്യാൻ വെള്ളിയാഴ്‌ച ഡൽഹിയിൽ സെക്രട്ടറിതല യോഗം ചേരും.  തിങ്കളാഴ്‌ച വനംമന്ത്രി എ കെ ശശീന്ദ്രൻ കേന്ദ്ര വനം–-പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ തുടർച്ചയായാണ്‌ സെക്രട്ടറിതല ചർച്ച.  കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുക, കേരളം തയ്യാറാക്കിയ 620 കോടിരൂപയുടെ വികസനപദ്ധതികൾക്ക്‌ സഹായം, വനം പരിശീലന കേന്ദ്രത്തെ അക്കാദമിയായി ഉയർത്തുക തുടങ്ങിയ ആവശ്യങ്ങളിലാണ്‌ ചർച്ച. വന്യജീവി ആക്രമണം തടയുന്നതിന്‌ സഹായം ആവശ്യപ്പെട്ട്‌ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന്‌ വിശദമായ നിവേദനം നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ്‌ മന്ത്രിതല ചർച്ച നടത്തിയത്‌. അന്നേ ദിവസംതന്നെ സെക്രട്ടറിതല ചർച്ച നടന്നിരുന്നു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാൽ പ്രത്യേക അനുമതി കൂടാതെ വനംമേഖലയ്‌ക്ക്‌ പുറത്ത്‌  ഇവയെ കൊല്ലാനും ഇറച്ചി ഭക്ഷിക്കാനും തടസമില്ല. കാക്ക, വവ്വാൽ, എലി എന്നിവയാണ്‌ നിലവിൽ കേരളത്തിൽ ക്ഷുദ്രജീവി പട്ടികയിലുള്ളത്‌. Read on deshabhimani.com

Related News