കാസർകോട്‌ കാടകത്ത്‌ കാട്ടാന നശിപ്പിച്ചത്‌ 500 വാഴ, 60 തെങ്ങ്‌, 25 കവുങ്ങ്‌

അടുക്കത്തൊട്ടിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചപ്പോൾ


കാടകം > പയസ്വിനി പുഴയോരത്ത് നിന്ന് അടുക്കത്തൊട്ടി കൃഷിയിടത്തിലേക്ക് കയറിയ രണ്ട് കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. ഞായറാഴ്‌ച രാത്രി പത്തോടെ കനത്ത മഴയ്ക്ക് തോട്ടത്തിൽ കാട്ടാനകൾ എത്തിയത് കർഷകരും അറിഞ്ഞില്ല. 60 തെങ്ങുകൾ, 250 കവുങ്ങുകൾ, അഞ്ഞൂറിലധികം വാഴകൾ എന്നിവ നശിപ്പിച്ച ശേഷമാണ് ആനകളുടെ മടക്കം.   പൈപ്പും മെഷീൻ പുരയും നശിപ്പിച്ചതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. രാജശേഖരൻ, ഗോപാലൻ, സന്തോഷ്, ഉണ്ണികൃഷ്ണൻ, നവീൻ, കെ രാജേഷ്, സുധാമൻ, നാരായണൻ വലിയവീട്, രാജേഷ് എന്നിവരുടെ കൃഷിയിടമാണ് ആനക്കൂട്ടം തകർത്തത്.  നിരവധി തവണ ഈ മേഖലയിൽ കാട്ടാനകളെത്തി കൃഷി നശിപ്പിച്ചിരുന്നുവെങ്കിലും ഇത്രയും നഷ്ടം ആദ്യമെന്ന് നാട്ടുകാർ പറഞ്ഞു.  കൃഷിയിടം കർഷകസംഘം കാറഡുക്ക ഏരിയാ പ്രസിഡന്റ് എ വിജയകുമാർ, കെ ശങ്കരൻ എന്നിവർ സന്ദർശിച്ചു.   കാടകത്ത് 2, പാണ്ടിയിൽ 3, 
പരപ്പയിൽ 9 ആനകൾ   പരപ്പ, കാറഡുക്ക, ബന്തടുക്ക വനമേഖലയിൽ  ഇപ്പോൾ 14 കാട്ടാനകളുണ്ട്. കാറഡുക്കയിൽ നിന്ന് ആഴ്ചകൾക്ക് മുമ്പ്‌ മൂന്ന്‌ ആനകളെ പുഴ കടത്തി കടുമന വനഭാഗത്ത് എത്തിച്ചിരുന്നു. എന്നാൽ ഈ കൂട്ടം പാണ്ടി ചൂരലടിയിലെത്തി കൃഷി നശിപ്പിക്കുന്നു. ഒരു മാസം മുമ്പ്‌ പ്രത്യേക ദൗത്യസേന രൂപീകരിച്ച് തുരത്തിയ ആനകൾ തിരിച്ചെത്തി പരപ്പ ഭാഗത്തും തമ്പടിക്കുന്നു. ഇതിന് പുറമെയുള്ള രണ്ട് കൂറ്റൻ കാട്ടാനകളാണ് അടുക്കത്തൊട്ടിയിൽ കൃഷി നശിപ്പിച്ച ശേഷം കാടകം വനമേഖലയിൽ കറങ്ങുന്നത്. തിങ്കളാഴ്ച വൈകിട്ട് ഏഴോടെ കർമംതോടി വനംവകുപ്പ് ക്യാംപ് ഷെഡിന് പരിസരത്തായി കാട്ടാനകളെ കണ്ടു.   Read on deshabhimani.com

Related News