‘വയനാട്‌ റോപ്പ്‌ വേ കേബിൾ കാർ’; വിശദ പദ്ധതി രേഖ 
തയ്യാറാക്കാൻ നിർദേശം



കൽപ്പറ്റ > വയനാട്, കോഴിക്കോട്‌ ജില്ലകളുടെ ടൂറിസം മുന്നേറ്റത്തിനും ചുരത്തിലെ ഗതാഗതകുരുക്ക്‌ കുറയ്‌ക്കാനുമായി വിഭാവനം ചെയ്യുന്ന ‘വയനാട്‌ റോപ്പ്‌ വേ കേബിൾ കാർ’ പദ്ധതിയുടെ വിശദരേഖ തയ്യാറാക്കാൻ നിർദേശം. മന്ത്രി പി എ മുഹമ്മദ്‌ റിയസിന്റെ അധ്യക്ഷതയിൽ  ചേർന്ന  യോഗത്തിലാണ്‌ തീരുമാനം. പദ്ധതിക്കായി മുൻകൈയെടുക്കുന്ന മലബാർ ചേംബർ ഓഫ്‌ കൊമേഴ്‌സിന്റെ നേതൃത്വത്തിലുള്ള വെസ്‌റ്റേൺ ഗാട്ട്‌സ്‌ ഡെവലപ്‌മെന്റ്‌ ലിമിറ്റഡ്‌ അധികൃതരോട്‌ വിശദപദ്ധതി രേഖ തയ്യാറാക്കി സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.   പ്രാഥമിക ആലോചനകളാണ്‌ നടന്നത്‌. എംഎൽഎമരായ ലിന്റോ ജോസഫ്‌, ടി സിദ്ദിഖ്‌, ടൂറിസം പ്രിൻസിപ്പൽ സെക്രട്ടറി കെ എസ്‌ ശ്രീനിവാസ്‌, വയനാട്‌ കലക്ടർ രേണുരാജ്‌, കോഴിക്കോട്‌ കലക്‌ടർ എ ഗീത എന്നിവരും  വെസ്‌റ്റേൺ ഗാട്ട്‌സ്‌ ഡെവലപ്‌മെന്റ്‌ പ്രതിനികളും യോഗത്തിൽ പങ്കെടുത്തു. ലക്കിടിയിൽനിന്ന്‌ അടിവാരത്തേക്കാണ്‌ ‘റോപ്പ്‌ വേ കേബിൾ കാർ’ പദ്ധതി ആലോചിക്കുന്നത്‌. വനഭൂമി ഉൾപ്പെടെ ഇതിന്‌ വിട്ടുകിട്ടണം. വിട്ടുനൽകുന്ന വനഭൂമിക്ക്‌ പകരം നൽകാനുള്ള സ്ഥലം തിരുവമ്പാടി മണ്ഡലത്തിൽ കണ്ടെത്തിയിട്ടുണ്ട്‌. വിശദപദ്ധതി രേഖ തയ്യാറായാൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന്‌ തുടർനടപടികൾ സ്വീകരിക്കും. Read on deshabhimani.com

Related News