ജലജന്യരോഗം വർധിക്കുന്നു ; രോഗം ക്ഷണിച്ചുവരുത്തല്ലേ



കോഴിക്കോട്‌ വെള്ളവും ഭക്ഷണവും ഒപ്പം പരിസരവും വൃത്തിയായി വച്ചില്ലെങ്കിൽ  ജലജന്യരോഗങ്ങൾ കുതിച്ചുയരും. വയറിളക്കം, അതിസാരം, എലിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയ്‌ഡ്‌, ഷിഗല്ല തുടങ്ങിയ  രോഗങ്ങൾ സംസ്ഥാനത്ത്‌ മുൻ വർഷത്തേക്കാൾ വർധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡിനുശേഷം ഹോട്ടലുകളെയും മറ്റും ഭക്ഷണത്തിന്‌ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്‌. അത്തരം സ്ഥാപനങ്ങളിൽ ആഹാരസാധനങ്ങൾ  വൃത്തിയില്ലാതെ സൂക്ഷിക്കുന്നതും  ക്ലോറിനേഷൻ നടത്താത്ത വെള്ളം ഉപയോഗിക്കുന്നതും രോഗങ്ങൾക്കിടയാക്കുന്നു.  ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം വയറിളക്കമാണ്‌ ഏറ്റവും കൂടുതൽ പേരെ ബാധിച്ചത്‌. 2022ൽ സംസ്ഥാനത്ത്‌ 4,63,403 പേർക്ക്‌ രോഗബാധയുണ്ടായി. 2021 ൽ ഇത്‌ 2,38,227 ആയിരുന്നു. മൂന്ന്‌ മരണവുമുണ്ടായി. മറ്റൊരു രോഗം  എലിപ്പനിയാണ്‌. 2429 പേർക്കാണ്‌ രോഗം. 93 പേർ മരിച്ചു. 2021ൽ 1745 രോഗികളും  97 മരണവുമായിരുന്നു. 2020ൽ 1039 പേർക്ക്‌ എലിപ്പനി ബാധിച്ചു.  ടൈഫോയ്‌ഡിലും വർധനയുണ്ട്‌. 2020ൽ 16 രോഗികളും  2021ൽ 30 രോഗികളും 2022ൽ 53 രോഗികളും ഉണ്ടായി. എ, ബി, സി, ഇ വിഭാഗത്തിലുള്ള മഞ്ഞപ്പിത്തത്തിനും സമാന അവസ്ഥയാണ്‌. 2021ൽ 81 പേർക്ക്‌ ഷിഗല്ല  ബാധയുണ്ടായി. മൂന്ന്‌ മരണവും. 2022ൽ 80ന്‌ മുകളിലാണ്‌ രോഗം ബാധിച്ചവർ.   തദ്ദേശ സ്ഥാപന തലത്തിൽ സംയുക്ത സമിതികൾ രൂപീകരിച്ച്‌ കർശന  നിരീക്ഷണവും നടപടിയും കൈക്കൊള്ളുന്നതായി പൊതുജനാരോഗ്യം അഡീഷണൽ ഡയറക്ടർ ഡോ. കെ സക്കീന പറഞ്ഞു.   Read on deshabhimani.com

Related News