മേൽപ്പാലങ്ങൾ ഉയർന്നത്‌ കിഫ്‌ബിയുടെ കരുത്തിൽ: തോമസ്‌ ഐസക്‌



വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ യാഥാർഥ്യമായത്‌ കിഫ്‌ബി സഹായത്തോടെയാണെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. ദേശീയപാത അതോറിറ്റി നിർമിച്ചിരുന്നെങ്കിൽ ടോൾ നൽകണമായിരുന്നു. അതൊഴിവായെന്നുമാത്രമല്ല, സമയബന്ധിതമായി പാലം നിർമാണം പൂർത്തിയാക്കിയെന്നും തോമസ്‌ ഐസക്‌ പറഞ്ഞു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയപാത അതോറിറ്റി ചെയ്യുന്നത്‌ ശരിയാണെന്നും കിഫ്‌ബി ചെയ്യുന്നത്‌ തെറ്റാണെന്നുമാണ്‌ കേന്ദ്രസർക്കാർ വാദിക്കുന്നത്‌. കിഫ്‌ബിയെ ആക്ഷേപിക്കാനും തകർക്കാനുമുള്ള ശ്രമങ്ങൾക്കെതിരായ ബോധവൽക്കരണംകൂടിയാണ്‌ മേൽപ്പാലങ്ങൾ. ടോൾ പിരിക്കാൻ അനുവാദം നൽകി ടെൻഡർ വിളിക്കുകയാണ്‌ ദേശീയപാത അതോറിറ്റി ചെയ്യുക. കരാറുകാരൻ ചെലവ്‌ ടോളിൽനിന്ന്‌ കണ്ടെത്തണം. ദേശീയപാത അതോറിറ്റിയും ഫണ്ട്‌ നൽകും. ദേശീയപാത അതോറിറ്റി‌ക്ക്‌ പണം നൽകുന്നത്‌ കേന്ദ്രസർക്കാരാണ്‌. ഇവിടെ മേൽപ്പാലത്തിന്‌ കിഫ്‌ബി പണം അനുവദിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ടെൻഡർ ചെയ്‌ത്‌ കരാർ കൊടുത്തു. കരാർ പണി തീരുമ്പോൾ പണം വാർഷികഗഡുക്കളായി കേരള സർക്കാർ കിഫ്‌ബി‌ക്ക്‌ നൽകും. 60,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ്‌ കിഫ്‌ബി കേരളത്തിൽ നടപ്പാക്കുന്നത്‌. ഇതിൽ 20,000 കോടി രൂപ പൊതുമരാമത്ത്‌ നിർമാണപ്രവർത്തനങ്ങൾക്കാണെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News