വിഴിഞ്ഞം തുറമുഖം ; വീണ്ടും നിർമാണം 
തടഞ്ഞ്‌ സമരസമിതി ; ലക്ഷ്യമിട്ടത്‌ 
വർഗീയകലാപം



തിരുവനന്തപുരം ഹൈക്കോടതിയിൽ നൽകിയ സത്യവാങ്‌മൂലവും ഉറപ്പും ലംഘിച്ച്‌ വിഴിഞ്ഞം സമരസമിതിയുടെ നേതൃത്വത്തിൽ ശനിയാഴ്‌ച തുറമുഖനിർമാണം തടഞ്ഞു. മുതലപ്പൊഴിയിൽനിന്ന്‌ പാറകളുമായി 27 ലോറിയാണ്‌ മുല്ലൂരിലേക്ക്‌ രാവിലെ പത്തരയോടെ എത്തിയത്‌. ഈ സമയം അടിമലത്തുറയിലെ പള്ളിയിൽനിന്ന്‌ ലോറികൾ തടയാനും സമരത്തിന്‌ ഇറങ്ങാനുമായുള്ള അറിയിപ്പുണ്ടായി. പിന്നാലെ അഞ്ഞൂറോളം വരുന്ന ഇടവകക്കാർ സമരവേദിയിലെത്തി ലോറി തടഞ്ഞു. ലോറി മാറ്റണമെന്ന്‌ ആവശ്യപ്പെടുകയും ഗ്ലാസുകൾ എറിഞ്ഞുപൊട്ടിക്കുകയും ചെയ്‌തു. ഇതിനിടെ തുറമുഖനിർമാണത്തിനായി സമരം ചെയ്യുന്ന ജനകീയസമിതി പ്രവർത്തകരും സ്ഥലത്തെത്തി.  ഇതോടെ ഇരുകൂട്ടരും തമ്മിൽ സംഘർഷമായി. ഒരു പൊലീസുകാരനടക്കം അഞ്ചുപേർക്ക്‌ പരിക്കേറ്റു. സായുധ ബറ്റാലിയനിലെ അനീഷിന്റെ കൈക്കാണ്‌ കല്ലേറിൽ പൊട്ടലുണ്ടായത്‌. ജനകീയസമിതിയിലെ ബിനു, അഭിലാഷ്‌ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്‌. മൂന്നു പേരെയും മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ ജനകീയ സമരസമിതിയുടെ പന്തൽ ലത്തീൻ സമരസമിതിക്കാർ പൊളിച്ചുനീക്കി. പൊലീസ്‌ ഇടപെട്ടാണ്‌ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്‌. സിറ്റി പൊലീസ്‌ കമീഷണർ സ്‌പർജൻകുമാറിന്റെ  നേതൃത്വത്തിൽ മുന്നൂറോളം പൊലീസുകാരെ സ്ഥലത്ത്‌ വിന്യസിച്ചിരുന്നു. മൂന്ന്‌ അസി. കമീഷണർമാരും ആറു സിഐമാരും സ്ഥലത്തുണ്ടായിരുന്നു. സബ്‌ കലക്ടർ അശ്വതി ശ്രീനിവാസും സ്ഥലം സന്ദർശിച്ചു. സമരസമിതിയുടെയും ജനകീയ സമരസമിതിയുടെയും നേതാക്കളുമായി വൈകിട്ട്‌ കലക്ടർ ജെറോമിക്‌ ജോർജ്‌, അശ്വതി ശ്രീനിവാസ്‌, എഡിഎം അനിൽ ജോസ്‌ എന്നിവർ ചർച്ച നടത്തി. ഏതുഭാഗത്തുനിന്നുള്ള അക്രമവും തടയുകയാണ്‌ ലക്ഷ്യമെന്ന്‌ കലക്ടർ പറഞ്ഞു. സംഭവത്തിൽ ഹൈക്കോടതിക്ക്‌ പ്രത്യേക റിപ്പോർട്ട്‌ നൽകുമെന്ന്‌ സ്‌പർജൻകുമാർ അറിയിച്ചു. തിങ്കളാഴ്‌ച കേസ്‌ പരിഗണിക്കുമ്പോൾ അദാനി പോർട്ട്‌ അധികൃതരും ലത്തീൻ സമരസമിതിയുടെ അക്രമത്തെക്കുറിച്ച്‌ കോടതിയെ അറിയിക്കും. ലക്ഷ്യമിട്ടത്‌ 
വർഗീയകലാപം വിഴിഞ്ഞത്ത്‌ വർഗീയ കലാപത്തിന്‌ കോപ്പുകൂട്ടി വിഴിഞ്ഞം തുറമുഖവിരുദ്ധ സമരസമിതി. 22ന്‌ ഹൈക്കോടതിയിൽ തുറമുഖനിർമാണം തടയില്ലെന്ന്‌ സമരസമിതി ഉറപ്പും സത്യവാങ്‌മൂലവും നൽകിയിരുന്നു. ഇതെല്ലാം ലംഘിച്ചാണ്‌ പാറകളുമായി എത്തിയ ലോറികൾ തടഞ്ഞത്‌. ഇതിന്‌ ആളെക്കൂട്ടിയത്‌ പള്ളി വഴിയും. നേരത്തേ സമരക്കാർ ഉന്നയിച്ച ആറ്‌ ആവശ്യവും സംസ്ഥാനസർക്കാർ അംഗീകരിച്ചിരുന്നു. ഉത്തരവുകളും ഇറക്കിയിരുന്നു. ഏഴാമത്തെ ആവശ്യമായ തുറമുഖനിർമാണം നിർത്തിവയ്‌ക്കാൻ കഴിയില്ലെന്ന്‌ സർക്കാർ വ്യക്തമാക്കിയതാണ്‌. തീരശോഷണത്തിന്‌ കാരണം തുറമുഖനിർമാണമാണോ എന്നറിയാൻ പഠനം നടത്താൻ വിദഗ്‌ധസമിതിക്കും രൂപം നൽകി. ഹൈക്കോടതി നിർദേശവും സർക്കാരിന്റെ അനുമതിയും ലഭിച്ചതോടെയാണ്‌ അദാനി പോർട്ട്‌ അധികൃതർ ശനിയാഴ്‌ച കല്ലിറക്കാൻ തീരുമാനിച്ചത്‌. അത്‌ തടയുകയും കല്ലേറും അക്രമവും നടത്തിയതിലൂടെ ആളപായമുണ്ടാക്കുകയായിരുന്നു സമരസമിതി ഉദ്ദേശിച്ചത്‌. കലാപം ലക്ഷ്യമിട്ടായിരുന്നു അക്രമപരിപാടിയെന്നാണ്‌ പൊലീസ്‌ നൽകുന്ന റിപ്പോർട്ടും. മൂന്നുമാസമായി തുറമുഖനിർമാണം നടക്കുന്നില്ല. ഇതിൽ പ്രദേശവാസികൾ രോഷാകുലരാണ്‌. ഈ സാഹചര്യം നന്നായി അറിയാവുന്നവരാണ്‌ സമരസമിതിക്ക്‌ നേതൃത്വം നൽകുന്ന വികാരി ജനറൽ യുജിൻ പെരേര ഉൾപ്പെടെയുള്ളവർ. സമാധാന അന്തരീക്ഷം തകരാതിരിക്കാനാണ്‌ ഓരോഘട്ടത്തിലും സർക്കാർ ശ്രമിച്ചത്‌. എന്നാൽ, സർക്കാരിന്റെ സമീപനം മനസ്സിലാക്കാനോ അതിനൊപ്പം നിൽക്കാനോ സമരസമിതി തയ്യാറായില്ല.   Read on deshabhimani.com

Related News