നടിയെ ആക്രമിച്ച കേസ്‌: 
വിട്ടുവീഴ്‌ചയില്ലാതെ സർക്കാർ ; ജിഷമുതൽ വിസ്‌മയ വരെയുള്ള കേസുകൾ സാക്ഷ്യം



തിരുവനന്തപുരം   സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ ഒരു വിട്ടുവീഴ്‌ചയുമില്ലാതെ സർക്കാർ എടുത്ത കർശന നിലപാടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌ വിസ്‌മയ കേസിലെ ശിക്ഷാവിധി.  2016ലെ ജിഷ കൊലക്കേസ്‌ മുതൽ വസ്‌മയ കേസുകൾവരെ ഇതിനു തെളിവ്‌. സമാനമായ കർശന നിലപാടു തന്നെയായിരുന്നു നടിയെ ആക്രമിച്ച കേസിലും സർക്കാർ കൈക്കൊണ്ടത്‌. എത്ര ഉന്നതനായാലും കുറ്റംചെയ്താൽ വിട്ടുവീഴ്‌ചയുണ്ടാകില്ലെന്നത്‌ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്‌. 2017 ഫെബ്രുവരി 17ന്‌ നടി ആക്രമിക്കപ്പെട്ട്‌  ദിവസങ്ങൾക്കുള്ളിൽ അക്രമികളെ പൊലീസ്‌ പിടികൂടി.  സിസി ടിവി ദൃശ്യങ്ങളടക്കം ശേഖരിച്ചും പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ കർശനമായി നീങ്ങി. വലിയ സ്വാധീനവും സാമ്പത്തികശേഷിയുമുള്ള ഉന്നതനാണ്‌ ഗൂഢാലോചന നടത്തിയത്‌ എന്നത്‌ അന്വേഷണത്തെ ബാധിച്ചില്ല. സിനിമാ രംഗത്തുള്ളവർ ചേരിതിരിഞ്ഞ്‌ വാദിച്ചിട്ടും സർക്കാർ അണുവിട വിട്ടുവീഴ്‌ചയില്ലാതെ പൊലീസിന്‌ പിന്തുണ നൽകി. സാഹചര്യത്തെളിവുകളും മൊഴികളും പഴുതില്ലാത്തവിധം ശേഖരിച്ചു. നാലര മാസത്തിനുള്ളിൽ ദിലീപ്‌ അറസ്റ്റിലായി. 85 ദിവസം ജയിലിൽ കിടന്നു. ജാമ്യം നൽകുന്നതിനെതിരെ അതിശക്തമായ നിലപാടെടുത്തു. മജിസ്‌ട്രേട്ട്‌ കോടതിയിലും ഹൈക്കോടതിയിലുമായി അഞ്ചു പ്രാവശ്യം ദിലീപും കൂട്ടരും ഹർജി നൽകി. ഒടുവിൽ പ്രതിക്ക്‌ ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം അംഗീകരിച്ചാണ്‌ കർശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം നൽകിയത്‌.കുറ്റപത്രം നൽകി ഇരുനൂറിലധികംപേരെ വിചാരണ ചെയ്തു. ഈ ഘട്ടത്തിലാണ്‌ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന പുതിയ കേസ്‌ വന്നത്‌. ദിലീപ്‌ മുൻകൂർ ജാമ്യം നേടി. അതിജീവിത ആവശ്യപ്പെട്ടപ്രകാരമാണ്‌ പ്രത്യേക വിചാരണ കോടതി, പ്രോസിക്യൂട്ടർ, വനിതാ ജഡ്ജി എന്നീ കാര്യങ്ങളിലെല്ലാം സർക്കാർ തീരുമാനമെടുത്തത്‌. എന്നാൽ, പ്രതിപക്ഷവും ഏതാനും മാധ്യമങ്ങളും ആസൂത്രിതമായി കേസിന്റെ എല്ലാ ഘട്ടത്തിലും സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചു. പ്രതികളുമായി അടുത്ത ബന്ധമുള്ളവർതന്നെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ നുണ പ്രചരിപ്പിച്ചു. കേസിൽ ആദ്യഘട്ടം ആരോപണമുയർന്നപ്പോൾതന്നെ കോൺഗ്രസ്‌ നേതാവായ അൻവർ സാദത്ത്‌ എംഎൽഎ ആലുവയിലെ വീട്ടിലെത്തി ദിലീപിന്‌ പിന്തുണ അറിയിച്ചു. അതിന്‌ പിന്നാലെ അദ്ദേഹം ഗൾഫിലേക്ക്‌ പോയതും അന്ന്‌ ഏറെ ചർച്ചയായി. പിന്നീട്‌ കേസിൽ ദിലീപ്‌ അറസ്റ്റിലായപ്പോൾ അൻവർ സാദത്തിനെതിരെ പ്രതിഷേധം ഉയർന്നതടക്കമുള്ളവ പിന്നിൽ കളിക്കുന്നവരെക്കുറിച്ച്‌ വ്യക്തമായ സൂചന നൽകി. മഹിളാ കോൺഗ്രസ്‌ പ്രസിഡന്റും നിലവിൽ രാജ്യസഭാംഗവുമായ ജെബി മേത്തർ,  ദിലീപിനു നൽകിയ സ്വീകരണത്തിൽ പങ്കെടുത്ത്‌ സെൽഫി എടുത്തിരുന്നു. അതൊന്നും ചർച്ചയാക്കാതെയാണ്‌ സർക്കാരിനെതിരെ നുണപ്രചാരണവുമായി പ്രതിപക്ഷവും ഏതാനും മാധ്യമങ്ങളും രംഗത്തുവരുന്നത്‌.   Read on deshabhimani.com

Related News