സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ നെഞ്ചേറ്റി : എ വിജയരാഘവൻ



തൃശൂർ കേരള രാഷ്‌ട്രീയത്തിൽ ദിശാമാറ്റത്തിന്റെ കാലമാണിതെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ നെഞ്ചേറ്റിയതായി വികസന മുന്നേറ്റ ജാഥ തെളിയിച്ചു. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാണ് ജാഥാ സ്വീകരണങ്ങൾ സംഘടിപ്പിച്ചിരുന്നത്. എന്നാൽ ഓരോ കേന്ദ്രത്തിലും ജനങ്ങൾ ആർത്തലച്ച് ജാഥയെ സ്വീകരിക്കാനെത്തി. സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക്‌  ബോധ്യമായി. സൂഷ്മതലങ്ങളിലെ പരിരക്ഷയും സഹായവും അടിസ്ഥാന സൗകര്യവികസനവും നേരിട്ടനുഭവിച്ച ജനങ്ങളാണ്‌ ജാഥയിൽ അണിചേർന്നത്‌. ആഗോളവൽക്കരണ കാലത്ത്‌ എല്ലായിടത്തും വികസനം പിറകോട്ടടിക്കുമ്പോൾ കേരളത്തിൽ വികസനക്കുതിപ്പാണ്. സ്വകാര്യവൽക്കരണത്തിന് ബദലുണ്ടെന്ന് പ്രവൃത്തിയിലൂടെ കാണിച്ച സർക്കാരിനെക്കുറിച്ചുള്ള മതിപ്പ് ജാഥയിലുടനീളം കണ്ടു. വിദ്യാഭ്യാസം, ആരോഗ്യം  തുടങ്ങിയ മേഖലകളിലെ ഇടപെടലുകൾ, നാലു മിഷനുകൾ–- ഇതിന്റെയെല്ലാം ഗുണഭോക്താക്കൾ വലിയ തോതിലാണ് എത്തിയത്. സർക്കാരിന്റെ  ജനക്ഷേമ പ്രവർത്തനങ്ങൾ ഒരു വശത്ത്. വികസന പ്രവർത്തനങ്ങളോടുള്ള പ്രതിപക്ഷത്തിന്റെ നിഷേധാത്മക സമീപനം മറുവശത്ത്‌. കേന്ദ്രമാകട്ടെ ഓരോ ദിവസവും പെട്രോളിനും ഡീസലിനും വില കൂട്ടുന്നു. ഇതെല്ലാം ആളുകൾ കാണുന്നുണ്ട്. യുഡിഎഫ് വന്നാൽ എല്ലാ പദ്ധതികളും അവസാനിപ്പിച്ച്‌  അഴിമതിക്കാലം തിരിച്ചു വരുമെന്ന് ജനങ്ങൾ ഭയപ്പെടുന്നു. ഇടതുപക്ഷം ഉണ്ടാക്കിയ നേട്ടങ്ങൾ മറയ്‌ക്കാൻ വിവാദങ്ങൾ സൃഷ്ടിക്കാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നത്. എൽഡിഎഫിനെയും ന്യൂനപക്ഷങ്ങളെയും അകറ്റാനുള്ള യുഡിഎഫ്‌ ശ്രമവും ജനം തള്ളി. ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ വലിയ തോതിലാണ് സ്വീകരണ കേന്ദ്രങ്ങളിൽ എത്തിയത്. പ്രതിപക്ഷത്തിന്റെ കപടമുഖം തിരിച്ചറിഞ്ഞ മലയാളികൾ എൽഡിഎഫിനെ തുടർ ഭരണം എൽപ്പിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. തദ്ദേശ ഭരണതെരഞ്ഞെടുപ്പിനെക്കാൾ മികച്ച വിജയം എൽഡിഎഫ് നേടും. ഇതിന്റെ വെപ്രാളമാണ്‌ രാഹുൽ ഗാന്ധിയെ കൊണ്ടുവന്ന് കോൺഗ്രസ് കാണിക്കുന്നതെന്ന്‌ വിജയരാഘവൻ പറഞ്ഞു. Read on deshabhimani.com

Related News