അപേക്ഷകളിലും 
വിജിലൻസ് കണ്ണ്‌ , സേവനം വൈകിക്കുന്നത് തടയും



  തിരുവനന്തപുരം വിവിധ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ നൽകുന്ന ഓൺലൈൻ അപേക്ഷകൾ സ്ഥിരമായി നിരീക്ഷിക്കാൻ വിജിലൻസ്‌. അപേക്ഷകൾ അനാവശ്യമായി പിടിച്ചുവയ്ക്കുന്നതും നിരസിക്കുന്നതും സേവനം വൈകിക്കുന്നതും തടയുകയാണ്‌ ലക്ഷ്യം. അപേക്ഷകൾ വിജിലൻസ്‌ ഉദ്യോഗസ്ഥർക്ക്‌ കാണാനുള്ള ‘വ്യൂ’ സംവിധാനത്തിന്‌ ഔദ്യോഗിക അനുമതിക്കായി ചീഫ്‌ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ വിജിലൻസ്‌ ഡയറക്ടർ മനോജ്‌ അബ്രഹാം പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള എഡിറ്റിങ്ങോ ഇടപെടലോ അപേക്ഷകളിൽ വിജിലൻസ്‌ നടത്തില്ല. അപേക്ഷ കൊടുത്ത തീയതി, എത്ര ദിവസം വൈകുന്നു, കാരണമെന്താണ്‌, നിരസിച്ച അപേക്ഷകളുടെ നിജസ്ഥിതി തുടങ്ങിയ വിവരങ്ങളാണ്‌ നിരീക്ഷിക്കുക. അകാരണമായി ഏതെങ്കിലും ഓഫീസിൽ സേവനം വൈകുകയോ നിരസിക്കുകയോ ചെയ്താൽ ഇടപെടും. ഡിജിറ്റൽ ഒപ്പിനു മാത്രം ദിവസങ്ങൾ പിടിച്ചുവയ്ക്കുക, സെർവർ മനപ്പൂർവം ഡൗണാക്കുക തുടങ്ങി ഓൺലൈൻ അപേക്ഷാ സംവിധാനത്തെ തന്നെ അട്ടിമറിക്കുന്ന ചിലരുണ്ടെന്ന്‌ വിജിലൻസ്‌ കണ്ടെത്തിയിരുന്നു. ബഹുഭൂരിപക്ഷം സർക്കാർ ജീവനക്കാരും അഴിമതിക്കാരല്ലെന്നാണ്‌ വിജിലൻസ്‌ വിലയിരുത്തൽ. റവന്യു, തദ്ദേശ സ്ഥാപനങ്ങളിലാണ്‌ സാധാരണക്കാരായ കൂടുതൽ അപേക്ഷകർ എത്തുന്നത്‌ എന്നതിനാൽ കൂടുതൽ പരാതികൾ അവിടെ നിന്നാണ്‌. അതേസമയം, മോട്ടോർ വാഹനവകുപ്പിലും രജിസ്‌ട്രേഷൻ അടക്കം പല വകുപ്പിലും ഏജന്റുമാർ വഴിയാണ്‌ കൈക്കുലി.   കഴിഞ്ഞ ഏഴുവർഷമായി നിയമത്തിന്റെ നൂലാമാലകളും കുരുക്കുകളും അഴിച്ച്‌ അപേക്ഷകളിൽ വേഗത്തിൽ തീർപ്പ്‌ കൽപ്പിക്കാനുള്ള സംവിധാനം ഒരുക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. നിയമഭേദഗതിയുൾപ്പെടെ ഇതിനായി കൊണ്ടുവന്നു. പരമാവധി അപേക്ഷകൾ ഓൺലൈനിലാക്കി. 324 വില്ലേജ്‌ സ്മാർട്ടാക്കി. 139 കൂടി ഉടൻ പൂർത്തിയാകും. തദ്ദേശസ്ഥാപനങ്ങളിൽ 250 സേവനം ഇപ്പോൾത്തന്നെ ഓൺലൈനിലാണ്‌. Read on deshabhimani.com

Related News