മൂന്ന്‌ വാർഡ്‌ പിടിച്ചു: കൊല്ലത്ത്‌ എൽഡിഎഫിന്‌ ആറിൽ അഞ്ചിലും ഉജ്ജ്വലവിജയം



കൊല്ലം> ജില്ലയിലെ ആറു പഞ്ചായത്തുവാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉജ്ജ്വല വിജയം. കോൺഗ്രസിന്റെ രണ്ടും ബിജെപിയുടെ ഒന്നും സിറ്റിങ് സീറ്റുകൾ ഉള്‍പ്പെടെ അഞ്ചിടത്തും എൽഡിഎഫ് വിജയം നേടി. എൽഡിഎഫിന്റെ ഒരു സീറ്റിൽ കോൺഗ്രസ് വിജയിച്ചു. വെളിയം പഞ്ചായത്തിലെ കളപ്പില,  ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന കിഴക്ക്, പെരിനാട്ടെ നാന്തിരിക്കൽ, ആര്യങ്കാവിലെ കഴുതുരുട്ടി, ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം എന്നീ വാർഡുകളാണ് എൽഡിഎഫ് വിജയിച്ചത്.  ഇതിൽ നാന്തിരിക്കൽ,   സംഗമം എന്നിവ കോൺഗ്രസിൽ നിന്നും കഴുതുരുട്ടി ബിജെപിയിൽ നിന്നുമാണ് പിടിച്ചെടുത്തത്. കഴുതുരുട്ടി വാര്‍ഡിൽ  സിപിഐ എമ്മിലെ മാമ്പഴത്തറ സലീം 245 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് വിജയിച്ചത്. എൽഡിഎഫ് 485, യുഡിഎഫ് 240, ബിജെപി 162 എന്നിങ്ങനെയാണ് വോട്ടുനില. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്ന മാമ്പഴത്തറ സലീം  രാജിവച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു. സലീം രാജിവച്ച ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ശൂരനാട് വടക്ക് സംഗമം വാർഡിൽ സിപിഐയിലെ ബി സുനിൽകുമാര്‍ 169 വോട്ടിനാണ് വിജയിച്ചത്. സുനിൽകുമാര്‍  510 വോട്ട് നേടി. കോൺഗ്രസിലെ അഡ്വ.സുധികുമാറിനെയാണ് പരാജയപ്പെടുത്തിയത്(  341 വോട്ട്). ബിജെപിയിലെ ഗോപീഷ് 265 വോട്ട് നേടി.  യുഡിഎഫ്‌ അംഗമായിരുന്ന വേണു വൈശാലി അന്തരിച്ചതിനാലാണ്‌  ഉപതെരഞ്ഞെടുപ്പ്‌.   കോൺഗ്രസിലെ ഷൈനി ജോൺസൺ രാജിവച്ചതിനെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന  പെരിനാട് നാന്തിരിക്കൽ വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു മോൾ 365 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എൽഡിഎഫിന് 703, യുഡിഎഫ്  338,ബിജെപി 44 എന്നിങ്ങനെയാണ് വോട്ടുനില. ക്ലാപ്പന കിഴക്ക് പതിനൊന്നാം വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ വി ആർ മനുരാജ് വിജയിച്ചു. യു ഡി എഫിലെ വിക്രമനെ 379 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. എൽ ഡി എഫിലെ വി ആർ അനുരാജിന് സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഇവിടെ ഉപതെരെഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽഡിഎഫ് അംഗം ഇന്ദുകല അനിലിന്റെ നിര്യാണത്തെതുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്ന വെളിയം പഞ്ചായത്തിലെ കളപ്പില വാർഡിൽ എൽഡിഎഫിലെ ശിസ സുരേഷ്  269 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എൽഡിഎഫ് - 671,ബിജെപി - 402, യുഡിഎഫ് - 222 എന്നിങ്ങനെയാണ് വോട്ട് നില. എൽഡിഎഫ് കഴിഞ്ഞതവണ വിജയിച്ച വെളിനല്ലൂരിലെ  മുളച്ചാൽ വാർഡിൽ യുഡിഎഫ് സ്ഥാനാർഥി നിസാർ വട്ടപ്പാറ 399 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.   Read on deshabhimani.com

Related News