വിസിമാരുടെ ഹിയറിങ് 12ന്



തിരുവനന്തപുരം രാജി ആവശ്യപ്പെട്ടതിന്റെ തുടർച്ചയായി സംസ്ഥാനത്തെ വൈസ് ചാൻസലർമാർക്ക് ഹിയറിങ്ങിന് നോട്ടീസ് നൽകി ​ഗവർണർ‌ ആരിഫ് മൊഹമ്മദ് ഖാൻ. 12ന് പകൽ 11ന് ​ഹാജരാകണമെന്നാണ് നിർദേശം. നേരിട്ട് ഹാജരാകാൻ കഴിയാത്തവർക്ക് അഭിഭാഷകരെ ചുമതലപ്പെടുത്താം. കേരള, എംജി, കുസാറ്റ്, കണ്ണൂർ, കലിക്കറ്റ്, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല, ഡിജിറ്റൽ സർവകലാശാല, ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസിമാരെയാണ് ഹിയറിങ്ങിന് വിളിച്ചിരിക്കുന്നത്.   ഒക്ടോബർ 23നാണ്‌  സാങ്കേതിക സർവകലാശാല, ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല ഉൾപ്പെടെ സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരുടെ രാജി ഗവർണർ ആവശ്യപ്പെട്ടത്. യുജിസി ചട്ടം പാലിച്ചില്ലെന്ന കെടിയു വിസി നിയമനത്തിലെ സുപ്രീംകോടതി വിധിയുടെ മറപിടിച്ചായിരുന്നു ​നടപടി. ഇതിനുപിന്നാലെ പുതുതായി ആരംഭിച്ച ഡിജിറ്റൽ, ഓപ്പൺ സർവകലാശാല നിയമനത്തിലും ചട്ടം പാലിച്ചില്ലെന്ന് ആരോപിച്ച് നോട്ടീസ് നൽകി. ഇത്തരത്തിൽ രാജി ആവശ്യപ്പെടൽ നിയമവിരുദ്ധമായതിനാൽ പിന്നീട് കാരണം കാണിക്കൽ നോട്ടീസ് നൽകി. കോടതി വിധിയിൽ കെടിയു, കുഫോസ് വിസി നിയമനം റദ്ദാക്കിയിരുന്നു. കെടിയു വിസി നിയമന കേസിന് മാത്രമാണ് സുപ്രീംകോടതി വിധി ബാധകമെന്നും വിസിയെ പിൻവലിക്കാൻ യുജിസി മാനദണ്ഡം അനുസരിച്ച് ​ഗവർണർക്ക് നിയമപരമായി അവകാശമില്ലെന്നുമുള്ള മറുപടിയാണ് വിസിമാർ നൽകിയത്. Read on deshabhimani.com

Related News