വെള്ളായണി കോളേജിൽ നടന്നത്‌ കൊടുംക്രൂരത; കസേരയിൽ കെട്ടിയിട്ടു 
ദേഹത്ത്‌ തിളച്ച കറിയൊഴിച്ചു

ദീപികയുടെ ദേഹം പൊള്ളിച്ച നിലയിൽ


നേമം > വെള്ളായണി കാർഷിക കോളേജിൽ ആന്ധ്രപ്രദേശ്‌ സ്വദേശിനിയായ എസ്‌ ദീപികയ്‌ക്ക്‌ നാട്ടുകാരിയായ റൂംമേറ്റിൽനിന്ന്‌ നേരിടേണ്ടി വന്നത്‌ കൊടുംക്രൂരത. ഹോസ്റ്റലിൽ ഒരു മുറിയിൽ താമസിച്ചിരുന്ന ദീപികയുടെമേൽ പ്രതിയായ ലോഹിത തിളച്ച കറിയൊഴിച്ചെന്നും ചൂടാക്കിയ പാത്രവും തേപ്പുപെട്ടിയുമുപയോഗിച്ച്‌ പൊള്ളിച്ചെന്നും എഫ്‌ഐആർ.   സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ദീപികയെക്കൊണ്ട്‌ ലോഹിത വസ്ത്രങ്ങൾ അലക്കിക്കുകയും ഭക്ഷണം പാചകം ചെയ്യിക്കുകയും പതിവായിരുന്നു. ഇതെല്ലാം ചെയ്‌തുനൽകിയാലും ദേഹോപദ്രവമേൽപ്പിക്കും.    ജൂൺ 19ന്‌ രാത്രി ദീപികയോട്‌ അമ്മയെ ഫോണിൽ വിളിച്ച്‌ അസഭ്യം പറയണമെന്ന്‌ ലോഹിത ആവശ്യപ്പെട്ടു. ഇത്‌ നിരസിച്ചതോടെ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി തലയിൽ ഇടിക്കുകയായിരുന്നു. നിലവിളിച്ച ദീപികയെ കസേരയിൽ പിടിച്ചിരുത്തി കൈകൾ ഷാളുപയോഗിച്ച് കെട്ടിയിട്ടു. തക്കാളിക്കറി ഉണ്ടാക്കി വച്ചിരുന്ന പാത്രം ചൂടോടെ വിദ്യാർഥിനിയുടെ മുഖത്ത് വയ്ക്കാൻ ശ്രമിച്ചു. തല വെട്ടിത്തിരിച്ചതിനാൽ കറി ശരീരത്തിൽ വീണ്‌ പൊള്ളലേൽക്കുകയായിരുന്നു. വലത് കൈത്തണ്ടയിൽ പാത്രം വച്ചും പൊള്ളിച്ചു. പിന്നീട്‌ ദീപിക ധരിച്ചിരുന്ന ടീഷർട്ടിന്റെ പിൻഭാഗം ഉയർത്തിയശേഷം പാത്രം മുതുകിൽ പൊള്ളിച്ചു. മുറിവുകളിൽ മുളക്‌ പൊടി വിതറുകയും ചെയ്‌തു.   കെട്ടഴിച്ചുവിട്ടപ്പോൾ പ്രതിയുടെ കാലിൽ വീണ്  ഉപദ്രവിക്കരുതെന്ന്‌ ദീപിക അപേക്ഷിച്ചു. മുഖത്ത്‌ കാൽകൊണ്ട്‌ തൊഴിച്ച ലോഹിത അക്രമവിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു. സംഭവശേഷം വീട്ടിലെത്തിയ വിദ്യാർഥിനിയുടെ മുറിവുകണ്ട് വീട്ടുകാർ തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടുകാരാണ് കോളേജിൽ വിവരമറിയിച്ചതും.  സംഭവത്തിൽ ലോഹിതയെയും നിഖിൽ, ജിൻസി എന്നിവരെയും കോളേജിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തു.    ലോഹിത 
റിമാൻഡിൽ   വെള്ളായണി കാർഷിക കോളേജ് ഹോസ്റ്റലിൽ വിദ്യാർഥിനിയെ പൊള്ളലേല്പിച്ച സംഭവത്തിൽ സഹപാഠിയും ആന്ധ്രപ്രദേശ് സ്വദേശിനിയുമായ പ്രതിയെ കോടതി റിമാൻഡ്ചെയ്തു.  അവസാനവർഷ ബിരുദ വിദ്യാർഥിനി ലോഹിതയാണ് റിമാൻഡിലായത്.  വധശ്രമമടക്കമുള്ള വകുപ്പുകൾ പ്രകാരമാണ്‌ തിരുവല്ലം പൊലീസ്‌ കേസെടുത്തത്‌. Read on deshabhimani.com

Related News