പച്ചക്കറി വില താഴ്‌ന്നു; തക്കാളി 90ൽ നിന്ന്‌ 42ൽ എത്തി

പത്തനംതിട്ട ചന്തയിലെ കടയിൽ പച്ചക്കറി അടുക്കി വെയ്ക്കുന്ന വ്യാപാരി


 പത്തനംതിട്ട > പ്രതികൂല കാലാവസ്ഥയിൽ കൃഷി നശിച്ചതിനെ തുടർന്ന് പച്ചക്കറിയുടെ  അമിത വില കുറയ്ക്കാൻ ഹോർട്ടികോർപ്പിന്റെ ഇടപെടൽ. തമിഴ്നാട്ടിൽ നിന്നടക്കം കർഷകരിൽ നിന്ന് നേരിട്ട് ഉൽപ്പന്നങ്ങൾ വാങ്ങി വിപണിയിലെത്തിക്കുന്ന നടപടി ഫലപ്രദമാകുന്നു. ഹോർട്ടികോർപ്പിന്റെ പത്തനംതിട്ട ജില്ലയിലെ ഏഴുവിപണന കേന്ദ്രം വഴിയും ഫ്രാഞ്ചസികളായ 12 കേന്ദ്രങ്ങൾ വഴിയുമാണ് കുറഞ്ഞ വിലയ്ക്ക് പച്ചക്കറി വിതരണം ചെയ്യുന്നത്.  കനത്ത മഴയിൽ ജില്ലയിലും കാർഷിക മേഖലയ്ക്ക് കനത്ത നാശമാണ് ഉണ്ടായത്. കൂടുതല്‍ പച്ചക്കറി വരുന്ന തമിഴ്നാട്ടിലും വൻ നാശമാണ് മഴയില്‍‌  കാർഷിക മേഖലയ്ക്ക് സംഭവിച്ചത്. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്നത് കൊണ്ട് തന്നെ വളരെ കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ സാധിക്കുന്നതായി ഹോർട്ടികോർപ്പ് അധികൃതർ പറഞ്ഞു.      ജില്ലയിൽ ദിനംപ്രതി രണ്ടു ടണ്ണോളം പച്ചക്കറികൾ ഇത്തരത്തിൽ അന്യസംസഥാനങ്ങളിൽ‌ നിന്ന് ഹോർട്ടികോർപ്പ്  നേരിട്ട് സംഭരിക്കുന്നണ്ട്. 12 ഫ്രാഞ്ചസികളിലൂടെ വിൽപ്പന നടത്തുന്നതും  ഹോർട്ടികോർപ്പിന്റെ വിലയില്‍  തന്നെയാണ്. എന്നാൽ കുറഞ്ഞ വിപണന സൗകര്യം ആണ്  കൂടുതൽ പ്രദേശത്തേക്ക് വിലക്കുറവുള്ള പച്ചക്കറികൾ എത്തിക്കുന്നതിന് തടസ്സമാകുന്നത്.  ഇതിന് പരിഹാരം തേടാനും അധികൃതര്‍  ശ്രമിക്കുന്നു. തക്കാളിക്കാണ്  ഏറ്റവും വില ഉയർന്നത്. 15-0 രൂപ വരെ പൊതുവിപണിയിൽ ഉയർന്നിരുന്നു. സർക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെ അത് കുറച്ചു കൊണ്ടു വരാൻ സാധിച്ചു. ഹോർട്ടികോർപ്പിന്റെ കേന്ദ്രങ്ങളിലും തക്കാളിക്ക് 90 രൂപ വരെ വില ഉയർന്നിരുന്നു. ശനിയാഴ്ച കിലോയ്ക്ക് 42 രൂപയായി താഴ്ന്നു. കൂടുതൽ പച്ചക്കറികൾ തമിഴ്നാട്ടിൽ നിന്നടക്കം എത്തിക്കാൻ നടപിയെടുത്തുവരുന്നതായും ഹോര്‍ട്ടികോര്‍പ്പ് അധികൃതര്‍  പറഞ്ഞു.     കുറെ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവും അധികം മഴ ലഭിച്ച വര്‍ഷമാണ് ജില്ലയിലേത്. ലക്ഷങ്ങളുടെ കൃഷിനാശമാണ് ഇക്കുറി വീണ്ടും ഉണ്ടായത്. ആഴ്ചകളോളമാണ് ജില്ലയില്‍ പെരുമഴ തുടര്‍ന്നത്.  വീണ്ടും കനത്ത മഴയുടെ മുന്നറിയിപ്പാണ് കാലാവസ്ഥ  നിരീക്ഷണ  കേന്ദ്രം നല്‍കുന്നത്. ഇതിനിടയിലാണ് പച്ചക്കറികളില്‍ ചിലയിനങ്ങള്‍ക്ക് വില ഉയര്‍ന്നത്.  Read on deshabhimani.com

Related News