കുഞ്ഞിനെ മാറ്റിയെന്ന പരാതി : വകുപ്പുതല അന്വേഷണം നടത്തും : മന്ത്രി വീണാ ജോർജ്‌



തി​രു​വ​ന​ന്ത​പു​രം പ്രസവിച്ച്‌ മൂന്നാംദിനം അച്ഛനമ്മമാർ കു​ഞ്ഞി​നെ മാറ്റിയെന്ന യുവതിയുടെ പരാതിയിൽ വകുപ്പുതല അന്വേഷണം നടത്തുമെന്ന്‌ വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജ്‌ അറിയിച്ചു. വകുപ്പുസെക്രട്ടറിക്കാണ്‌ അന്വേഷണച്ചുമതല. കുഞ്ഞിനും അമ്മയ്‌ക്കും നീതി ഉറപ്പാക്കും. സംഭവത്തിൽ പൊലീസും വനിതാ കമീഷനും നേരത്തെ കേസെടുത്തിരുന്നു. ബാലാവകാശ കമീഷനും കേസെടുത്തു. പേരൂർക്കട സ്വദേശിയായ അനുപമയാണ്‌ അച്ഛൻ പി എസ്‌ ജയചന്ദ്രനെതിരെ പരാതി നൽകിയത്‌. അജിത്‌ എന്ന യുവാവുമായി അടുപ്പത്തിലായ യുവതി കഴിഞ്ഞവർഷം ഒക്ടോബർ പത്തൊമ്പതിനാണ്‌ ആൺകുഞ്ഞിന്‌ ജന്മംനൽകിയത്‌. അജിത്‌ ഈ സമയം വിവാഹിതനായിരുന്നു. ഇക്കാരണത്താൽ അനുപമയുടെ രക്ഷിതാക്കൾ ബന്ധത്തെ എതിർത്തു. പ്രസവശേഷം കുഞ്ഞിനെ അച്ഛനും അമ്മയും ചേർന്ന്‌ മാറ്റി ശിശുക്ഷേമ സമിതിക്കു കൈമാറിയെന്നാണ്‌ അനുപമയുടെ പരാതി. സംഭവത്തിൽ പേരൂർക്കട പൊലീസാണ്‌ കേസെടുത്തത്‌. അനുപമയുടെ പരാതിയിൽ പറയുന്ന ദിവസം കുഞ്ഞുങ്ങളെ ലഭിച്ചിരുന്നോ എന്നതടക്കമുള്ള ചോദ്യങ്ങൾ ഉന്നയിച്ച്‌ പൊലീസ്‌ ശിശുക്ഷേമ സമിതിക്ക്‌ നോട്ടീസ്‌ നൽകി. ഏതുതരം അന്വേഷണവുമായും സഹകരിക്കുമെന്ന്‌ ശിശുക്ഷേമസമിതി അധികൃതർ അറിയിച്ചു.ബാലാവകാശ 
കമീഷനും 
കേസെടുത്തു Read on deshabhimani.com

Related News