ആരോഗ്യപ്രവർത്തകരെ 
ആക്രമിച്ചാൽ കടുത്ത നടപടി: മന്ത്രി



തിരുവനന്തപുരം > ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം അനുവദിക്കില്ലെന്നും അത്തരം അക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വീണാ ജോർജ്‌. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ കൂട്ടിരിപ്പുകാർക്ക്‌ ഏർപ്പെടുത്തിയ നിയന്ത്രണം ശക്തമാക്കും. സംസ്ഥാനത്തെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ്‌ തീരുമാനം.   ഐസിയുവിലുള്ള രോഗിക്ക് ഐസിയുവിന് പുറത്തും  വാര്‍ഡിലുള്ള രോഗിക്ക് വാര്‍ഡിലും കൂട്ടിരിപ്പിന് ഒരാളെ മാത്രമേ അനുവദിക്കൂ. കൂടുതല്‍ പരിചരണം ആവശ്യമുള്ളവർക്ക് ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം പ്രത്യേക പാസ് വഴി ഒരാളെക്കൂടി അനുവദിക്കും. ആശുപത്രി സന്ദര്‍ശനസമയം വൈകിട്ട്‌ 3.30 മുതല്‍ 5.30 വരെയാണ്. അടിയന്തര വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താൻ എയ്ഡ് പോസ്റ്റിലുള്ള പൊലീസിന്റെയും സെക്യൂരിറ്റി ചീഫിന്റെയും നമ്പരുകള്‍ എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കുമെന്നും അലാറം സംവിധാനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.   മെഡിക്കല്‍ കോളേജില്‍ ആഭ്യന്തര വകുപ്പിന്റെ സഹകരണത്തോടെ പൊലീസ് ഔട്ട് പോസ്റ്റ് രൂപീകരിക്കും. ഇതിലൂടെ ആശുപത്രികളിലെ ക്രമസമാധാന പ്രശ്‌നങ്ങളും മെഡിക്കോ ലീഗല്‍ കേസുകളും കൈകാര്യം ചെയ്യാനും ഫലപ്രദമായ നടപടി സ്വീകരിക്കാനുമാകും. എല്ലാ മെഡിക്കല്‍ കോളേജുകളിലും രോഗികളുടെ ബന്ധുക്കളുടെ ആശങ്ക പരിഹരിക്കാൻ അവരുമായി സംവദിക്കുന്നതിന്‌ ബ്രീഡിങ്‌ റൂം സ്ഥാപിക്കും.   തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ രോഗിയുടെ മരണവിവരമറിയിച്ച വനിതാ ഡോക്ടറെ ബന്ധു ചവിട്ടിവീഴ്‌ത്തിയ സംഭവത്തെ തുടര്‍ന്നാണ്‌ യോഗം ചേർന്നത്‌. പൊലീസിന്റെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെയും പിജി ഡോക്‌ടര്‍മാരും പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാൻ പൊലീസിന്റെ സഹായത്തോടെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസ്, ഡിഐജി നിശാന്തിനി, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ കലാകേശവന്‍, സൂപ്രണ്ട് നിസാറുദ്ദീന്‍, കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ജയകുമാര്‍, പിജി ഡോക്‌ടര്‍മാര്‍ എന്നിവരും പങ്കെടുത്തു. Read on deshabhimani.com

Related News