ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റ് ദന്ത ചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖ: മന്ത്രി വീണാ ജോര്‍ജ്



തിരുവനന്തപുരം> കേരള ഡെന്റല്‍ കൗണ്‍സിലിന്റെ ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റിലെ ആശയങ്ങള്‍ ദന്ത ചികിത്സാ മേഖലയുടെ സമഗ്ര വികസന രേഖയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദന്ത ചികിത്സാ മേഖലയില്‍ വലിയൊരു മുന്നേറ്റം ഈ കാലയളവില്‍ ഉണ്ടാക്കുവാന്‍ ആയിട്ടുണ്ടെങ്കിലും, ഈ മേഖലയ്ക്ക് കൂടുതല്‍ പ്രചരണവും ഔന്നത്യവും നല്‍കുവാനുള്ള ശ്രമങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. ദന്ത ചികിത്സാ മേഖലയുടെ ഉന്നമനത്തിനായുള്ള ശ്രമങ്ങള്‍ നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. കേരള ഡെന്റല്‍ കൗണ്‍സിലിന്റെ ആജീവനാന്ത പുരസ്‌കാര ദാനവും, ഡെന്റിസ്ട്രി @ 2030 വിഷനറി ഡോക്യുമെന്റ് പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദന്ത ചികിത്സകള്‍ വിദേശത്ത് ചിലവേറിയതായതിനാലും നമ്മുടെ നാട്ടില്‍ കുറഞ്ഞ ചിലവില്‍ മികച്ച നിലവാരത്തിലുള്ള ദന്ത ചികിത്സകള്‍ ലഭ്യമായതിനാലും വിദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവര്‍ നമ്മുടെ നാട്ടില്‍ വന്ന് ദന്തചികിത്സ ചെയ്തുപോകുന്ന ഒരു സാഹചര്യം നിലവിലുണ്ട്. ഈ സാഹചര്യം എങ്ങനെ ദന്ത ചികിത്സാ മേഖലയ്ക്കും, പൊതുജന ആരോഗ്യ മേഖലയ്ക്കും, സംസ്ഥാനത്തിനും ഗുണകരമായി ഉപയോഗിക്കാനാവും എന്ന് ചര്‍ച്ച ചെയ്തിരുന്നു. ഇതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിന്റെ ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിയില്‍ ദന്ത ഡോക്ടര്‍മാര്‍ക്ക് പ്രാതിനിധ്യം വേണമെന്ന ആവശ്യം പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2020 വര്‍ഷത്തെ ആജീവനാന്ത പുരസ്‌കാരം ഡോ. ബാബു മാത്യുവിനും, 2021 വര്‍ഷത്തെ ആജീവനാന്ത പുരസ്‌കാരം ഡോ.കെ. ജോര്‍ജ് വര്‍ഗീസിനും മന്ത്രി സമ്മാനിച്ചു. ദന്ത ചികിത്സാ മേഖലയ്ക്കും സമൂഹത്തിനും നല്‍കിയ മഹത്തായ സേവനങ്ങള്‍ പരിഗണിച്ചു കൊണ്ടാണ് ഇരുവരെയും ആജീവനാന്ത പുരസ്‌കാരത്തിന് കൗണ്‍സില്‍ തെരഞ്ഞെടുത്തത്. കേരള ഡെന്റല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ് അധ്യക്ഷത വഹിച്ചു. കേരള ഡെന്റല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ. ആര്‍. അരുണ്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ കേരള ഡെന്റല്‍ കൗണ്‍സില്‍ മെമ്പര്‍മാരായ ഡോ. ഷിബു രാജഗോപാല്‍, ഡോ. ആന്റണി തോമസ്, ഡോ. സുമോദ് മാത്യു, ഡോ. സാബു. ജെ. കുര്യന്‍, മുന്‍ കേരള ഡെന്റല്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ഷാജി. കെ. ജോസഫ്, ജോയിന്റ് ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡോ. അനീറ്റ ബാലന്‍, തിരുവനന്തപുരം ദന്തല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി.ടി ബീന എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കേരള ദന്തല്‍ കൗണ്‍സില്‍ മെമ്പര്‍ ഡോ. ടെറി തോമസ് ഇടത്തൊട്ടി കൃതഞ്ജത പറഞ്ഞു.   Read on deshabhimani.com

Related News