"ഹാറ്റ്സ് ഓഫ് വീണാ ജോർജ്ജ്'; ഫെയ്‌സ്‌ബുക്കിൽ അയച്ച പരാതിയിൽ 10 മിനിറ്റിനകം ഇടപെട്ട്‌ മന്ത്രി



തൃശ്ശൂർ > ഫെയ്‌സ്‌ബുക്ക്‌ മെസഞ്ചറിൽ അയച്ച പരാതിയിൽ നിമിഷങ്ങൾക്കകം ഇടപെട്ട്‌ റിപ്പോർട്ട്‌ തേടി മന്ത്രി വീണാ ജോർജ്‌. കുന്നംകുളം ആർത്താറ്റ് പിഎച്ച്‌സി വാക്‌സിനേഷൻ സെന്ററിലെ ചില ആരോഗ്യ പ്രവർത്തകർ അമ്മയെയും കുഞ്ഞിനെയും അപമാനിച്ചെന്ന് ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ പരാതി ലഭിച്ച്‌ മിനിറ്റുകൾക്കകമാണ്‌ മന്ത്രി ബന്ധപ്പെട്ടവരോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്‌. ഇവർക്കുണ്ടായ അപമാനത്തിലും വിഷമത്തിലും മന്ത്രി ക്ഷമയും ചോദിച്ചു. അഡ്വ. സ്‌മിത ഗിരീഷിനാണ്‌ മോശം അനുഭവം നേരിട്ടത്‌. ഫെയ്‌സ്‌ബുക്ക്‌ കുറിപ്പ്‌ വായിക്കാം: കോവിഡ് വാക്‌സിൻ രണ്ടാം ഡോസ് എടുക്കുന്നതിന് വേണ്ടി എന്റെ അമ്മയും ഞാനും  എന്റെ മകനുമായി കുന്നുകുളം, അഞ്ഞൂര്/ചിറ്റഞ്ഞൂർ, ആർത്താറ്റ് പി എച്ച് സി യിൽ ഇന്നലെ ഉച്ചയ്ക്ക് ഏകദേശം 2 മണിയോടെ  ചെന്നു.. മകൻഹൈപ്പർ ആക്ടീവാണ്. പല്ലുവേദനയാൽ സുഖമില്ലാത്തതു കൊണ്ടും അവന്റെ അവസ്ഥ കൊണ്ടും പെട്ടെന്ന് പാനിക്ക് ആവും. ആൾക്കൂട്ടത്തിൽ അസ്വസ്ഥതയും ബുദ്ധിമുട്ടും കാണിക്കും. ഫസ്റ്റ് ഡോസിന് ചെന്നപ്പോൾ ഞങ്ങളുടെ വാർഡ് കൗൺസിലറും, ആശാ വർക്കറും സഹായിച്ചത് കൊണ്ട് വേഗം ക്യൂവിൽ നിൽക്കാതെ വാക്സിൻ എടുത്ത് മടങ്ങി. ഇന്നലെ, ഞങ്ങളുടെ വാർഡിലെ ആശാ വർക്കറെ വിളിച്ചു കിട്ടിയില്ല. എങ്കിലും അവിടെ നിന്ന ഒരു ആശാ വർക്കറോട്, മകൻ കുട്ടിയാണ്. ചില്ലറ കമ്യൂണിക്കേഷൻ പ്രശ്നങ്ങളുണ്ട്. പെട്ടന്ന് ഒന്നു വാക്സിൻ എടുത്തു മടങ്ങാൻ സഹായിക്കുമോ എന്ന് ഞാൻ ചോദിച്ചു. അവർ ആദ്യം ശ്രദ്ധിച്ചില്ല. അവിടെ ചില ആളുകൾ നിന്നിരുന്നു. അകത്ത് സിസ്റ്ററോട് വേണേൽ ചോദിക്ക് എനിക്കറിയില്ല എന്ന് ധാർഷ്ട്യത്തിൽ പറഞ്ഞു. ഞാൻ മകനും അമ്മയുമായി ചെന്നു. സിസ്റ്ററോട് കാര്യം പറഞ്ഞു അവിടെ തിരക്കായിട്ടും അവർ മാന്യമായി പെരുമാറി. ഇരിക്കാൻ പറഞ്ഞു. ഞങ്ങൾ അവിടെ ഇരിക്കുമ്പോൾ പുറത്ത് ആശാ വർക്കർ ഉച്ചത്തിൽ എന്നെയും കുഞ്ഞിനേയും പരിഹസിച്ച മട്ടിൽ ഓരോന്നൊക്കെ വന്നോളും കുട്ടിക്ക് ഓട്ടിസമാണ്, സുഖമില്ല എന്നൊക്കെ പറഞ്ഞ്  അവിടെ കൂടിയ ആളുകളോട് ഞങ്ങളെ പരിഹസിച്ചു. സ്പെഷ്യൽ കാറ്റഗറിയിലോ അല്ലാതെയോ വരുന്ന കുഞ്ഞുങ്ങൾക്കും അവരുടെ  അമ്മമാർക്കും സംസ്ഥാന സർക്കാരും ഓഫീസുകളും അനുഭാവപൂർണമായ അന്തരീക്ഷം ഒരുക്കി കൊടുക്കണമെന്നിരിക്കെ, ഇങ്ങനെയൊരു കുഞ്ഞുമായി ചെന്ന എന്നെ, കുന്നംകുളം ആനായ്ക്കൽ  സ്വദേശിയായ ആശാ വർക്കർ അപഹസിച്ച രീതിയിൽ 'വല്ലാത്ത വേദന തോന്നി. ഞാനവരോട് നിങ്ങളെന്താണ് ഇങ്ങനെയൊക്കെ കുട്ടിയെ അപഹസിക്കുന്നത് എന്ന് ചോദിച്ചപ്പോൾ വീണ്ടും അവർ എന്റെ നേരെ കയർത്തു. ഞാൻ തിരിച്ചുപോയി റൂമിൽ കസേരയിൽ ഇരുന്നു. അപ്പോൾ അവിടെ രജിസ്റ്റർ എഴുതാൻ സിസ്റ്ററിന്റെ അടുത്തിരുന്ന, കണ്ടാലറിയാവുന്ന ഒരു സ്ത്രീ ഉദ്യോഗസ്ഥ  വീണ്ടും ആധാർ കാർഡ് നീട്ടിയപ്പോൾ, നിങ്ങൾക്കിത് വൃത്തിയിൽ സൂക്ഷിച്ചു കൂടെ, എന്നും മറ്റും ചോദിച്ചു ആളുകളുടെ മുന്നിൽ കളിയാക്കി. എന്റെ ആധാർ കാർഡ് വൃത്തിയുള്ളതാണ്. ലാമിനേറ്റ് ചെയ്തിട്ടില്ല എന്ന് മാത്രം. അതിലെ ഒരു കാര്യ വിവരവും വായിക്കാൻ സാധിക്കാതെയുമില്ല. മാത്രമല്ല എന്നോട്, എന്റെ ആധാർ കാർഡ് പറഞ്ഞ് കളിയാക്കേണ്ട ,ടീച്ചർ ചമയേണ്ട ഇടം അതല്ല. അവരുടെ ജോലി ചെയ്താൽ മതി. സർക്കാർ ശമ്പളം കൈപ്പറ്റുമ്പോൾ, പൊതുജനങ്ങളെ കഴുത എന്ന മട്ടിൽ, അവരെ ബാധിക്കാത്ത കാര്യത്തിന് കളിയാക്കേണ്ട കാര്യവുമില്ല. മേൽപ്പറഞ്ഞ ആ ശാ വർക്കറുടേയും, ഓഫീസ് ഉദ്യോഗസ്ഥയുടേയും പെരുമാറ്റത്തിൽ എനിക്കും അമ്മയ്ക്കും മാനഹാനിയുണ്ടായി. എന്റെ സങ്കടവും, അവിടുത്തെ പ്രശ്‌നവും കണ്ട് എന്റെ കുഞ്ഞ് പാനിക്ക് ആയി.  വീട്ടിൽ വന്ന് കരഞ്ഞ് കിടപ്പിലായി ആർത്താറ്റ് പിഎച്ച്സിയിലെ ഇത്തരം സംഭവം പ്രത്യേകം ശ്രദ്ധയർഹിക്കുന്നതാണ്. വാക്‌സിനേഷനും, അല്ലാതെയും വരുന്നവരോട് മര്യാദയ്ക്ക് പെരുമാറാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണം. ഞാൻ  അഡ്വക്കറ്റാണ്. ഇങ്ങനെ പ്രതികരിച്ചു.പാവപ്പെട്ട മനുഷ്യരോട് ഇത്തരം രീതിയിൽ പെരുമാറിയാൽ അവർ എന്തു ചെയ്യാൻ.ഓട്ടിസമുള്ള കുഞ്ഞ് എന്നൊക്കെ ഉറക്കെപ്പറഞ്ഞ കളിയാക്കിയ ആശാ വർക്കറും, ഉദ്യോഗപ്പദവി കാണിക്കാൻ കുറച്ചാളുകളുടെ മുന്നിൽ എന്നെ അപഹസിച്ച ജീവനക്കാരിയും വിശദീകരണം തരണം. കേരളമൊട്ടാകെയുള്ള ഹെൽത് സെൻററുകളിൽ വരുന്ന എല്ലാ വിഭാഗം ആളുകളും അവിടുത്തെ ഉദ്യോഗസ്ഥരിൽ നിന്ന് നല്ല പെരുമാറ്റം അർഹിക്കുന്നവരാണ്. അവരെ മോശമായി ട്രീറ്റ് ചെയ്യാൻ പാടില്ല. ഇത്തരം കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്ക് 'പരിഹാസമില്ലാതെ പരിഗണന വേണം. നാടൊന്നടങ്കം അശാന്തിയിലും രോഗാതുരമായ അന്തരീക്ഷത്തിലും വലുപ്പചെറുപ്പമില്ലാതെ, ആരോഗ്യ കാര്യങ്ങൾക്കായി ആതുരസേവന സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ, അവിടുത്തെ തന്നെയല്ല, കേരളമൊന്നടങ്കമുള്ള ആരോഗ്യരംഗത്തെ ഉദ്യോഗസ്ഥർ മിനിമം മാന്യമായ പെരുമാറ്റം പൊതുജനങ്ങളോട് പാലിക്കാൻ ബാധ്യസ്ഥരാണ്. കുട്ടികൾക്ക് വാക്സിൻ എടുക്കാൻ പോയ പരിചയത്തിലും ബന്ധത്തിലുമുള്ള രണ്ടു അമ്മമാർക്കും അവിടെ നിന്നും ജീവനക്കാരുടെ ധാർഷ്ട്യം സഹിക്കേണ്ട വന്നത് അവർ പറഞ്ഞു. ഞാൻ പ്രതികരിച്ചത്, എനിക്ക് വേണ്ടി മാത്രമല്ല. ചികിത്സയ്ക്കും വാക്സിനേഷനും ഹെൽത് സെന്ററുകളെ ആശ്രയിച്ച്, മോശമായി ട്രീറ്റ് ചെയ്യപ്പെടുന്ന സംസ്ഥാനത്തെ  എല്ലാ മനുഷ്യർക്കും വേണ്ടിയാണ്. ഈ വിവരമൊക്കെ കാണിച്ച് ഇന്നലെ വൈകിട്ട് തിടുക്കത്തിൽ തയ്യാറാക്കിയ ഒരു പരാതി ഞാൻ ആരോഗ്യ മന്ത്രി വീണ ജോർജ്ജിന്റെ ഫേസ്ബുക്ക് മെസഞ്ചറിൽ ഏറെ സങ്കടത്തോടെ അയച്ചു. പത്തു മിനിട്ടിനുള്ളിൽ ആരോഗ്യ മന്ത്രി ,എനിക്ക് നേരിട്ട്  മറുപടി അയച്ചു എന്നതാണ്!. ആരോഗ്യ മന്ത്രി എന്ന നിലയിൽ, ആർത്താറ്റ് പിഎച്ച്സിയിൽ ഞങ്ങൾക്ക് നേരിട്ട ബുദ്ധിമുട്ടിൽ മാപ്പു പറഞ്ഞു കൊണ്ട്, അതിൽ റിപ്പോർട്ട് സ്ഥാപനത്തിൽ നിന്നും ചോദിച്ച വിവരവും അറിയിച്ചു.. എനിക്ക് ഏറെ അത്ഭുതവും ആദരവും മിനിസ്റ്ററുടെ നേരിട്ടുള്ള ഇടപെടലിൽ ഉണ്ടായി. ശൈലജ ടീച്ചർ മാറിയപ്പോൾ, തോന്നിയ സങ്കടം, വ്യക്തിപരമായ ഈ അനുഭവത്തിലൂടെ പൂർണമായും മാറി. ഇത്തരത്തിലുള്ള മന്ത്രിമാരുള്ള കേരളത്തിൽ ജീവിക്കാൻ ആത്മ വിശ്വാസവും പ്രതീക്ഷയും കൂടുന്നു. പ്രതീക്ഷിക്കാതെ, എന്റെ അമ്മത്തത്തിനും വ്യക്തിത്വത്തിനും ഏറ്റ അപമാനത്തിൽ, ആശ്വസിപ്പിച്ച മിനിസ്റ്റർ വീണാ ജോർജ്ജിനോട് എന്റെ കൃതജ്ഞത ഏതു ഭാഷയിൽ പറഞ്ഞാലും മതിയാവില്ല. ചികിത്സാവശ്യങ്ങൾക്ക് ചെല്ലുന്ന പൊതു ജനങ്ങളോട് ഇത്തരം മോശം പെരുമാറ്റ സംസ്കാരം ഒരു ആരോഗ്യസ്ഥാപനങ്ങളും, ഇത്തരമൊരു മിനിസ്റ്റർ ഉള്ളപ്പോൾ പ്രോത്സാഹിപ്പിക്കില്ല എന്ന ആത്മവിശ്വാസത്തിൽ ഇങ്ങനൊരു കുറിപ്പ് അവസാനിപ്പിക്കുന്നു.ഈക്കാര്യത്തിൽ ആർത്താറ്റ് പി എച്ച് സി മേൽപ്പറഞ്ഞ രണ്ടു പ്രവർത്തകരുടെയും പേരിൽ തുടർനടപടികൾ പ്രതീക്ഷിക്കുന്നു. ആരോഗ്യ മന്ത്രിയുടെ മറുപടിയുടെ എസ്.എസ്.അഭിമാനത്തോടെ ഇവിടെ പോസ്റ്റുന്നു. സ്നേഹാദരം ആരോഗ്യ മന്ത്രി ഹാറ്റ്സ് ഓഫ് വീണാ  ജോർജ്ജ് സ്‌മിത ഗിരീഷ്. Read on deshabhimani.com

Related News