പുനര്‍ജനി പദ്ധതി: വി ഡി സതീശന്റെ സോളാര്‍ ഇൻവെർട്ടറും തട്ടിപ്പ്‌



പറവൂർ> പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറവൂർ മണ്ഡലത്തിൽ കൊട്ടിഘോഷിച്ച് നടപ്പാക്കിയ പുനർജനി പദ്ധതിയുടെ പേരിൽ സോളാർ ഇൻവെർട്ടർ തട്ടിപ്പ് നടന്നതായി ആക്ഷേപം. വിശദമായ അന്വേഷണം വേണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. പുനർജനി പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയകാവ് ഗവ. ഹൈസ്കൂളിലും ചിറ്റാറ്റുകര കുടുംബാരോഗ്യ കേന്ദ്രത്തിലും സോളാർ ഇൻവെർട്ടറുകൾ സ്ഥാപിച്ച് 2019ൽ ഉദ്ഘാടനം ചെയ്തു. എന്നാൽ, മൂന്നുവർഷം പിന്നിട്ടിട്ടും ഇൻവെർട്ടർ യൂണിറ്റ് കെഎസ്ഇബി ഗ്രിഡിലേക്ക് ബന്ധിപ്പിക്കാനായിട്ടില്ല. പുനര്‍ജനിയുടെ മറവില്‍ വന്‍തട്ടിപ്പ് നടന്നതിന്റെ നേർസാക്ഷ്യമാണ്‌ സോളാര്‍ പദ്ധതി. ഇതിനായി പണപ്പിരിവ്‌ നടത്തി ഉദ്ഘാടനശേഷം പാതിവഴിയില്‍ ഉപേക്ഷിച്ചു. ചിറ്റാറ്റുകര കുടുംബാരോഗ്യകേന്ദ്രത്തിലെ മാനേജിങ് കമ്മിറ്റി അംഗമായ യുഡിഎഫ് പ്രതിനിധി ഇതേക്കുറിച്ച് എംഎൽഎ ഓഫീസിൽ അന്വേഷിച്ചപ്പോൾ പദ്ധതി നിർത്തിയെന്നാണ്‌ മറുപടി ലഭിച്ചത്‌. പുനർജനി പദ്ധതിയിൽ വൻതട്ടിപ്പ് നടന്നതായി സിപിഐ എം പറഞ്ഞത് ശരിവയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിദേശരാജ്യങ്ങളിലടക്കം പദ്ധതിയുടെ പേരിൽ കോടികൾ പിരിച്ചു. ഇതുസംബന്ധിച്ച്‌ കണക്കുകൾ രാഷ്ട്രീയ പാർടികൾ ആവശ്യപ്പെട്ട സന്ദർഭത്തിൽ സാമൂഹ്യ ഓഡിറ്റ് നടത്തി കണക്കുകൾ പ്രസിദ്ധപ്പെടുത്തുമെന്ന് വി ഡി സതീശൻ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പൊതുജനമധ്യത്തിൽ കണക്കുകൾ പറയാത്ത പ്രതിപക്ഷനേതാവ് പുനർജനി പദ്ധതിയുടെ പേരിലുള്ള പുതിയ തട്ടിപ്പുകൾ പുറത്തുവരുന്നതോടെ കൂടുതൽ അപഹാസ്യനാകും. സോളാർ ഇൻവെർട്ടർ സ്ഥാപിക്കലുമായി ബന്ധപ്പെട്ട്‌ നടന്ന മുഴുവൻ കാര്യങ്ങളും അന്വേഷിക്കണമെന്ന് സിപിഐ എം ചിറ്റാറ്റുകര ലോക്കൽ സെക്രട്ടറി ടി എസ് രാജൻ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News