വാളയാര്‍ കേസ് : സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി അടിയന്തര വാദം കേള്‍ക്കും



കൊച്ചി> വാളയാര്‍ കേസില്‍  സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി അടിയന്തര വാദം കേള്‍ക്കും. കേസില്‍ പുനര്‍വിചാരണയും  തുടരന്വേഷണവും ആവശ്യപ്പെട്ട് സര്‍ക്കാരും ഇരകളുടെ മാതാവും സമര്‍പ്പിച്ച അപ്പീലുകളാണ് ജസ്റ്റീസുമാരായ എ.ഹരിപ്രസാദും എം. ആര്‍ അനിതയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. ഇത്തരം കേസിലെ അപ്പീലുകള്‍ അനന്തമായി നീളുന്നത് പതിവാണന്നും തെളിവുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ നീതി ഉറപ്പാക്കുന്നതിന് അടിയന്തരമായി വാദംകേള്‍ക്കണമെന്നും സര്‍ക്കാരിനു വേണ്ടി സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ നിക്കോളാസ് ജോസഫ് ആവശ്യപ്പെട്ടു.  കേസ് നവംബര്‍ 9 ന് വാദം കേള്‍ക്കാനായി കോടതി മാറ്റി.വിചാരണക്കോടതിയിലെ രേഖകള്‍ വിളിച്ചു വരുത്താന്‍ പ്രത്യേക ദൂതന്‍ വഴി നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. കേസന്വേഷണത്തില്‍ വീഴ്ച സംഭവിച്ചെന്നും പുനര്‍ വിചാരണയും ആവശ്യമെങ്കില്‍ തുടരന്വേഷണവും വേണമെന്നാണ് സര്‍ക്കാര്‍  ആവശ്യം. വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളെ വിചാരണ കോടതി വിട്ടയച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ അപ്പീല്‍.   Read on deshabhimani.com

Related News