ബേപ്പൂരിൽ ബഷീർ സ്‌മാരകം 
നിർമാണം തുടങ്ങി

ബേപ്പൂരിൽ നിർമിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരകത്തിന്റെ മാതൃക


ഫറോക്ക് > എഴുത്തിന്റെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ സ്‌മാരകത്തിന്റെ പണി ബേപ്പൂരിൽ തുടങ്ങി. കഥാകാരൻ അവസാനം വരെ വസിച്ച വൈലാലിൽ വീടെത്തുന്നതിന്‌ മുമ്പ് ബേപ്പൂർ ബിസി റോഡരികിലാണ് "ആകാശ മിഠായി’ എന്ന പേരിൽ അദ്ദേഹത്തിന്‌ സ്‌മാരകമുയരുന്നത്. ഇതിനായി സാഹിത്യപ്രേമികൾ മൂന്ന് പതിറ്റാണ്ടോളമായി ഉയർത്തിയ മുറവിളികൾക്കാണ്‌ അവസാനമാകുന്നത്‌.   വിനോദസഞ്ചാര വകുപ്പിന് കീഴിൽ 7.37 കോടി രൂപ ചെലവിലാണ്‌ മനോഹര മന്ദിരം നിർമിക്കുന്നത്‌. കോർപറേഷൻ ഇതിനായി വിശാലമായ സ്ഥലം വിട്ടുനൽകിയിരുന്നു. ഇവിടുത്തെ കമ്യൂണിറ്റി ഹാൾ  പൊളിച്ചുനീക്കിയാണ് പ്രാഥമിക പ്രവൃത്തിയായ പൈലിങ് ആരംഭിച്ചത്. കഴിഞ്ഞ ജൂലൈ രണ്ടിന് ഈ  സ്മാരകത്തിന് തറക്കല്ലിട്ടിരുന്നു. ഇവിടെ ആദ്യഘട്ടം സ്മാരകത്തിനൊപ്പം ആംഫി തിയറ്റർ, സ്റ്റേജ്, കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ളവയ്ക്കായുള്ള സ്റ്റാളുകൾ എന്നിവ പണിയും.   രണ്ടാംഘട്ടത്തിൽ അക്ഷരത്തോട്ടം, എഴുത്തുപുര, വാക്ക് വേ, കുട്ടികൾക്ക്‌ കളിക്കാനുള്ള സ്ഥലം, കമ്യൂണിറ്റി ഹാൾ, ഭക്ഷ്യവിപണന കേന്ദ്രം എന്നിവ ഒരുക്കും. പ്രശസ്‌ത ആർക്കിടെക്‌ട് വിനോദ് സിറിയക്കാണ്‌ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്‌. യുഎൽസിസിഎസ് ആണ് നിർവഹണ ഏജൻസി.  സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ടൂറിസം ലിറ്റററി സർക്യൂട്ടിന്റെ ആസ്ഥാനവും ബഷീർ സ്‌മാരകമാകും. പൂർണമായും ഭിന്നശേഷി - പ്രകൃതി സൗഹൃദ നിർമാണമായിരിക്കുമെന്ന്‌ അധികൃതർ പറഞ്ഞു. നിർമാണം പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ചതായി  ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. Read on deshabhimani.com

Related News