ഇനി സുഖയാത്ര; നവീകരിച്ച ഈരാറ്റുപേട്ട -വാഗമൺ 
റോഡ് ഉദ്ഘാടനം ഇന്ന്



കോട്ടയം> നവീകരിച്ച ഈരാറ്റുപേട്ട- വാഗമൺ സംസ്ഥാനപാത മന്ത്രി അഡ്വ. പി എ  മുഹമ്മദ് റിയാസ്  ബുധനാഴ്ച നാടിനു സമർപ്പിക്കും. ഈരാറ്റുപേട്ട സെൻട്രൽ ജങ്‌ഷനിൽ നടക്കുന്ന ചടങ്ങിൽ  മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സ്വാഗതം പറയും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. തോമസ് ചാഴികാടൻ എംപി, വാഴൂർ സോമൻ എംഎൽഎ എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദുവും വിവിധ തദ്ദേശ പ്രതിനിധികളും രാഷ്ട്രീയകക്ഷി പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.   23 കിലോമീറ്റർ,35 ദിവസം കോട്ടയം മലമ്പാതയിലെ 23 കിലോമീറ്റർ റോഡ്‌ പുനർനിർമാണം പൂർത്തിയാക്കിയത്‌ 35 ദിവസം കൊണ്ട്‌ .  ഈരാറ്റുപേട്ട – വാഗമൺ റോഡ്‌ ബുധനാഴ്‌ച നാടിനായി തുറക്കും. ഇനി നാട്ടുകാർക്കിത്‌  അഭിമാന റോഡും വിനോദസഞ്ചാരികൾക്ക്‌ ആശ്വാസ റോഡും.   കരാർപ്രകാരം ജൂൺ 20 വരെ നിർമാണത്തിനു സമയമുണ്ട്. അതാണ് രണ്ടാഴ്‌ച മുമ്പെ ഉദ്ഘാടനത്തിനു തയ്യാറായിരിക്കുന്നത്. ഇനി ഏതാനും അനുബന്ധ ജോലികൾ കൂടി തീരുന്നതോടെ റോഡു തന്നെ വാഗമൺ കാഴ്‌ചകളുടെ സൗന്ദര്യം കൂട്ടും.   മിക്കപ്പോഴും മഴ പെയ്യുന്ന സ്ഥലത്ത് സമയബന്ധിതമായി നിർമാണം പൂർത്തിയാക്കുക എന്നത് വലിയ വെല്ലുവിളി ആയിരുന്നു. ക്വാറിസമരം കാരണം മെറ്റിലിനു കടുത്ത ദൗലഭ്യം വന്നു. ഈ പ്രതിസന്ധിയെല്ലാം അവഗണിച്ച്‌ നിർമാണം സമയബന്ധിതമായി തീർക്കുകയായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയാണ്‌ നിർമാണം നടത്തിയത്‌.   ആദ്യം ബിറ്റുമിനസ് മെക്കാഡവും അതിനു മുകളിൽ ബിറ്റുമിനസ് കോൺക്രീറ്റും (ബിഎം ആൻഡ്‌ ബിസി) ചെയ്താണു നിർമാണം. ആസൂത്രണം ചെയ്തതിലും 15 ദിവസം മുൻപ് ബിഎം, ബിസി പ്രവൃത്തികൾ പൂർത്തിയായി. നിശ്ചയിച്ച സമയത്തിനും മുമ്പു ടാറിങ്ങും തീർത്തു. ഇതിനായി പിഡബ്ല്യുഡി സെക്ഷൻ, സബ് ഡിവിഷൻ ഓഫീസുകൾ രാത്രി വൈകിയും പ്രവർത്തിച്ചു. നാട്ടുകാരുടെ പിന്തുണയും സഹായകമായി. തദ്ദേശിയസ്ഥാപനമായ ‘ഹൈവേ ഇൻഫ്രാടെക്’ ടാറിങ്ങിനുള്ള പ്ലാന്റ്‌ സീസൺ ആയിട്ടുകൂടി സ്വന്തം പ്രവൃത്തി മാറ്റിവച്ചും ഇവിടേക്ക്‌ വിട്ടുനൽകി.  വർഷങ്ങളായി തകരാറിലായി കിടന്ന റോഡിനാണ്‌ ഈ ശാപമോക്ഷം.   Read on deshabhimani.com

Related News