വടകര മുക്കാളിയിൽ വാഹനാപകടം; തലശേരി അതിരൂപതയിലെ വൈദികൻ മരിച്ചു

ഫാ. മനോജ് ഒറ്റപ്ലാക്കൽ


തലശേരി > ദേശീയപാതയിൽ വടകരക്കടുത്ത മുക്കളിയിലുണ്ടായ വാഹനാപകടത്തിൽ വൈദികൻ മരിച്ചു. തലശേരി മൈനർ സെമിനാരിയുടെ വൈസ് റെക്‌ട‌ർ ഫാ. മനോജ് ഒറ്റപ്ലാക്കൽ (33) ആണ് മരിച്ചത്. മൂന്നു വൈദികർക്കു പരിക്കേറ്റു. പാലായിൽനിന്നു തലശേരിയിലേക്ക് വരുന്നതിനിടെ വൈദികൻ സഞ്ചരിച്ചകാർ തിങ്കൾ പുലർച്ചെ 3.45 ഓടെ ടാങ്കർ ലോറിയിൽ ഇടിച്ചാണ്‌ അപകടം. അപകടത്തിൽ പരിക്കേറ്റ ഫാ. ജോർജ് കരോട്ടിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിലും ഫാ. ജോൺ മുണ്ടോളിക്കൽ, ഫാ. ജോസഫ് പണ്ടാരപ്പറമ്പിൽ എന്നിവരെ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. എടൂർ ഒറ്റപ്ലാക്കൽ പൗലോസ് -– -ത്രേസ്യാമ്മ ദമ്പതികളുടെ മകനായ  ഫാ. മനോജ് 2011 ഡിസംബർ 27 നാണ് പൗരോഹിത്യം സ്വീകരിച്ചത്. നല്ലൊരു ചിത്രകാരനായ മനോജ് അച്ചൻ വരച്ച ചിത്രങ്ങളുടെ പ്രദർശനം നിരവധി സ്ഥലങ്ങളിൽ നടത്തിയിട്ടുണ്ട്. പിണറായി പെരുമ ചിത്രകലാക്യാമ്പിലും പങ്കെടുത്തിരുന്നു. കാർഷികരംഗവുമായി ബന്ധപ്പെട്ട് അച്ചൻ വരച്ച ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്‌. ഫാ. ജോർജ്, ജോസഫ് എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം തിങ്കൾ വൈകിട്ട്‌ 4 മുതൽ രാതി 8വരെ തലശേരി കത്തീഡ്രൽ പള്ളിയിൽ പൊതുദർശനത്തിന്‌ വെക്കും. തുടർന്ന്‌ മൃതദേഹ ശുശ്രൂഷ ആരംഭിക്കും. എടൂർ മരുതാവിലെ ഒറ്റപ്ലാക്കൽ വീട്ടിൽ രാത്രി 10 മുതൽ ചൊവ്വ രാവിലെ 10വരെയും തുടർന്ന്‌ എടൂർ സെന്റ്‌മേരീസ്‌ ഫൊറോന ദേവാലയത്തിൽ പകൽ 2.30വരെയും പൊതുദർശനം. വൈകിട്ട്‌ 3ന്‌ മൃതദേഹം സംസ്‌കരിക്കും. Read on deshabhimani.com

Related News