കേന്ദ്രത്തിന്റെ യുവജന വഞ്ചന ; നിയമനം ഇല്ലാതെ 
9.79 ലക്ഷം ഒഴിവ്‌



തിരുവനന്തപുരം കേന്ദ്രസർക്കാർ സർവീസിൽ നികത്താതെ കിടക്കുന്നത്‌ 9,79,327 ഒഴിവ്‌. സാധാരണക്കാരുടെ ആശ്രയമായ ഗ്രൂപ്പ്‌ സി വിഭാഗത്തിൽ ഉൾപ്പെടെ അഞ്ചിലൊന്നുവീതം തസ്‌തികയിലും ആളില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ അവതരിപ്പിച്ച കണക്ക്‌ വ്യക്തമാക്കുന്നു. കഴിഞ്ഞ മാർച്ച്‌ 31 വരെയുള്ള 78 വകുപ്പുകളിലെമാത്രം ഒഴിവുകളാണിവ. ഈ സാമ്പത്തികവർഷംമാത്രം ഒരുലക്ഷത്തിലേറെപ്പേർ വിരമിച്ചത്‌ ഇതിൽ ഉൾപ്പെട്ടിട്ടില്ല. ഇതിനുപുറമെയാണ്‌ കേന്ദ്ര പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയിലെ ഒഴിവുകൾ. റെയിൽവേയിൽമാത്രം 2,93,943 ഒഴിവ് നികത്താനുണ്ടെന്നും പ്രധാനമന്ത്രി പാർലമെന്റിൽ സമ്മതിച്ചു. ബഹിരാകാശ വകുപ്പിൽ 2106 പേരെ നിയമിക്കണം.  കൃഷി, അനുബന്ധ മേഖലയിൽ 4583, പെൻഷൻ, ആരോഗ്യം രംഗങ്ങളിൽ 4321 ഒഴിവുമുണ്ട്‌. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന്‌ നീക്കിവച്ച തസ്‌തികകളിൽ 62 പേരെ നിയമിച്ചില്ല. വാണിജ്യ, വ്യവസായ, ഊർജ, കോർപറേറ്റ്‌ കാര്യങ്ങളുടെ വകുപ്പുകളിൽ 12,685 ഒഴിവുണ്ട്‌. യുപിഎസ്‌സിയിലും 657 നിയമനം മുടക്കി. വീട്‌, കുടിവെള്ളം നഗര, ഗ്രാമ വികസനം തുടങ്ങിയ വകുപ്പുകളിൽ 9611 ഒഴിവാണ്‌ ഉള്ളത്‌.  10 മുതൽ 30 ശതമാനംവരെയാണ്‌ വിവിധ വകുപ്പുകളിലെ ഒഴിവ്‌. റവന്യൂവിൽ പകുതിയോളം തസ്‌തികയിൽ ആളില്ല. പ്രതിരോധ (സിവിൽ), ആരോഗ്യ വകുപ്പുകളിൽ 30 ശതമാനം വീതവും. തപാൽവകുപ്പിൽ 25 ശതമാനവും ആഭ്യന്തരവകുപ്പിൽ 10 ശതമാനവും ഒഴിഞ്ഞുകിടക്കുകയാണ്‌. വിദേശ വകുപ്പിലാകട്ടെ 2330 ഒഴിവുണ്ട്‌. 2014ൽ മോദി അധികാരത്തിൽ എത്തുമ്പോൾ 4.21 ലക്ഷമായിരുന്ന ഒഴിവുകൾ ഒമ്പതു വർഷത്തിൽ നാലിരട്ടി വർധിച്ചു.  അപ്രഖ്യാപിത നിയമന നിരോധനമുള്ള റെയിൽവേയിൽ 2020–-21ൽ നിയമിച്ചത്‌ 5450 പേരെമാത്രമാണ്‌. പ്രതിരോധസേനാ വിഭാഗത്തിൽ ഒന്നേകാൽ ലക്ഷവും സിവിൽ വിഭാഗത്തിൽ രണ്ടേമുക്കാൽ ലക്ഷവും ഒഴിഞ്ഞുകിടക്കുമ്പോഴാണ്‌  താൽക്കാലിക നിയമനത്തിന്‌ അഗ്നിപഥ്‌ ആരംഭിച്ചത്‌. കരാർ, താൽക്കാലിക നിയമനം വ്യാപകമാക്കിയ സർക്കാർ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ മൂന്നുലക്ഷത്തിലേറെപ്പേരെയാണ്‌ ഇത്തരത്തിൽ നിയമിച്ചത്‌. വിരമിച്ചവരെ ദിവസക്കൂലിക്ക്‌ നിയോഗിക്കുന്ന കേന്ദ്ര സർക്കാർ എസ്‌എസ്‌സി, യുപിഎസ്‌സി ഏജൻസികളെയും അപ്രസക്തമാക്കി.   Read on deshabhimani.com

Related News