ദുരൂഹമായ സാമ്പത്തിക വളര്‍ച്ച; വി വി രാജേഷ് തിരുവനന്തപുരത്തെ ‘കോടീശ്വരൻ’



തിരുവനന്തപുരം > ബിജെപി  തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷ്‌ തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പിലെ ‘കോടീശ്വരനായ’ സ്ഥാനാർഥി. പൂജപ്പുര വാർഡിൽനിന്ന്‌ മത്സരിക്കുന്ന രാജേഷ്‌ നാമനിർദേശ പത്രികയ്‌ക്ക്‌ ഒപ്പം സമർപ്പിച്ചിരിക്കുന്നത്‌ 1,08, 80,660 രൂപയുടെ സ്വത്തുവകകളുടെ വിശദാംശങ്ങൾ. ആദ്യ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നിസ്സാര സമ്പാദ്യമുണ്ടായിരുന്ന സ്ഥാനത്തു‌നിന്നാണ്‌ ദുരൂഹവും അവിശ്വസനീയവുമായ സാമ്പത്തിക വളർച്ച.   90 ലക്ഷത്തിന്റെ സ്ഥാവര സ്വത്തുണ്ടെന്നാണ്‌ രാജേഷ്‌ കാണിച്ചിരിക്കുന്നത്‌. ഇത്‌ സ്വയാർജിതമാണെന്നും വ്യക്തമാക്കിയിട്ടുണ്ട്‌. അതായത്‌ സ്വന്തമായി നേടിയെടുത്തതെന്നർഥം. ഭാര്യയുടെ പേരിൽ കടയ്‌ക്കലിൽ എട്ട്‌ ലക്ഷം രൂപ വിലമതിക്കുന്ന കാർഷിക ഭൂമിയുണ്ട്‌. ഭാര്യയുടെ 9. 60 ലക്ഷം രൂപയുടെ ആഭരണങ്ങൾ, ഇരുവരുടെയും സംയുക്ത അക്കൗണ്ടിലായുള്ള 20860 രൂപ എന്നിവ അടങ്ങിയതാണ്‌ ജംഗമസ്വത്ത്‌. ഇതിന്‌ പുറമെ ഇരുവരുടെയും കൈവശം പതിനായിരം രൂപ വീതമുണ്ട്‌.      രാജേഷിന്റെ തൊഴിലായി കാണിച്ചിരിക്കുന്നത്‌ അഭിഭാഷക വൃത്തിയാണ്‌. ഇടക്കാലത്ത്‌ ബിജെപിയുടെ സംഘടനാ ചുമതലകളിൽനിന്ന്‌ മാറ്റിനിർത്തിയതൊഴിച്ചാൽ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായിരുന്നു ഇദ്ദേഹം. ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ വെറും 27. 57 ലക്ഷമായിരുന്നു രാജേഷിന്റെ സമ്പാദ്യം. വട്ടിയൂർക്കാവിൽനിന്നാണ്‌ മത്സരിച്ചത്‌. പിന്നീട്‌ 2016ൽ നെടുമങ്ങാട്‌ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായെത്തുമ്പോൾ സ്വത്തിൽ വൻതോതിൽ കുതിച്ചുചാട്ടമുണ്ടായി. ഇത് പാർടിക്കുള്ളിലും ചർച്ചയായി. വഞ്ചിയൂരിലെ വസതിക്ക്‌ മുന്നിൽ ഇതുമായി ബന്ധപ്പെട്ട ബോർഡും പ്രത്യക്ഷപ്പെട്ടു. ‘‘സ്ഥിര വരുമാനമോ തൊഴിലോ ഇല്ലാത്ത രാജേഷിന്‌ എങ്ങനെ കോടികൾ വിലമതിക്കുന്ന വീട്‌’ ഉണ്ടായി എന്നായിരുന്നു ബോർഡിലെ ചോദ്യം.    ബിജെപിയുമായി ബന്ധപ്പെട്ട മെഡിക്കൽ കോഴ വിവാദം ഉയർന്നപ്പോൾ പ്രചരിച്ച നോട്ടീസുകളിലും രാജേഷിന്റെ അനധികൃത സ്വത്ത്‌ സമ്പാദനത്തെ കുറിച്ചുള്ള വിശദാംശങ്ങളുണ്ടായിരുന്നു. രാജേഷിന്റെ സ്വത്തിനെ കുറിച്ചുള്ള ചർച്ചകൾ ബിജെപിക്കുള്ളിൽ വീണ്ടും സജീവമായിരിക്കുകയാണ്‌.  കഴിഞ്ഞ ദിവസം മൂന്നിടത്ത്‌ ഇദ്ദേഹത്തിന്‌ വോട്ടുള്ളതായ വിവരം പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ്‌ കമീഷൻ ഇക്കാര്യം പരിശോധിക്കുകയാണ്‌. ഇതിന്‌ പിന്നാലെയാണ്‌ സ്വത്തിന്റെ വിശദാംശങ്ങളും വിവാദമാകുന്നത്‌. Read on deshabhimani.com

Related News