വി വി രാജേഷിന്‌ ഇരട്ടവോട്ട്‌; മുനിസിപ്പാലിറ്റി ആക്‌ട്‌ ലംഘിച്ചതായി തെളിഞ്ഞു



തിരുവനന്തപുരം > തിരുവനന്തപുരം കോർപറേഷനിലേക്ക്‌ മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ്‌ വി വി രാജേഷിന്‌ ഇരട്ട വോട്ട്‌.  രണ്ട്‌ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള വോട്ടർപട്ടികയിൽ രാജേഷിന്റെ പേരുണ്ട്‌. ഇതോടെ കേരള മുനിസിപ്പാലിറ്റി ആക്ട്‌  അദ്ദേഹം ലംഘിച്ചതായി തെളിഞ്ഞു. പൂജപ്പുര വാർഡിലെ സ്ഥാനാർഥിയാണ്‌ രാജേഷ്‌. നവംബർ പത്തിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടിക പ്രകാരം നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലെയും തിരുവനന്തപുരം കോർപറേഷനിലെയും വോട്ടറാണ്‌ അദ്ദേഹം.  നെടുമങ്ങാട്ടുള്ള മായ എന്ന കുടുംബവീടിന്റെ വിലാസത്തിൽ മുനിസിപ്പാലിറ്റിയിലെ 16-ാം വാർഡായ കുറളിയോട് വോട്ടർപട്ടികയിലെ ഒന്നാം ഭാഗത്തിൽ ക്രമ നമ്പർ 72 ആയി വേലായുധൻ നായർ മകൻ രാജേഷ് (42 വയസ്സ്‌) എന്ന് ചേർത്തിട്ടുണ്ട്. പൂജപ്പുര വാർഡിൽ മത്സരിക്കാനായി നാമനിർദേശ പത്രിക സമർപ്പിച്ചതിൽ കോർപറേഷനിലെ 82-ാം നമ്പർ വാർഡായ വഞ്ചിയൂരിലെ എട്ട് ഭാഗങ്ങളുള്ള വോട്ടർപട്ടികയിൽ മൂന്നാം ഭാഗത്തിൽ രാജേഷ് എന്ന വിലാസത്തിൽ 1042-ാം ക്രമ നമ്പരായി വേലായുധൻ നായർ മകൻ വി വി രാജേഷ് എന്നാണുള്ളത്‌. 1994ലെ കേരള മുനിസിപ്പാലിറ്റി ആക്ട്‌ പ്രകാരം ഒന്നിലധികം വോട്ടർപട്ടികയിൽ പേര്‌ ചേർക്കുന്നത്‌ നിയമവിരുദ്ധമാണ്‌. വോട്ടർ പട്ടികയിൽ പേര്‌ ചേർക്കുന്ന സമയത്ത്‌ മറ്റൊരിടത്തും പേരില്ലെന്ന സത്യപ്രസ്‌താവന സഹിതമാണ്‌ അപേക്ഷ നൽകുന്നത്‌. രാഷ്ട്രീയ രംഗത്ത്‌ അനുഭവ സമ്പത്തുള്ള വ്യക്തിയും അഭിഭാഷകനുമാണ്‌ രാജേഷ്‌. രണ്ട്‌ തവണ നിയമസഭയിലേക്ക്‌ മത്സരിച്ചിട്ടുമുണ്ട്‌. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ വോട്ടർ പട്ടികയിൽ രണ്ടിടത്ത്‌ പേര്‌ ചേർത്തത്‌ ഗുരുതരമായ പിഴവാണെന്ന്‌ നിയമവിദഗ്‌ധർ പറഞ്ഞു. Read on deshabhimani.com

Related News