ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും : മന്ത്രി വി ശിവൻകുട്ടി

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് നിവേദനം നൽകുന്നു


ന്യൂഡൽഹി    ലൈംഗിക വിദ്യാഭ്യാസം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന്‌ മന്ത്രി ശിവൻകുട്ടി. രണ്ടുവർഷത്തിനുശേഷം പുറത്തിറക്കുന്ന പുതിയ പുസ്‌തകത്തില്‍ ഇതിനായുള്ള പാഠഭാഗങ്ങളുണ്ടാകും.  രണ്ടു  കരിക്കുലം കമ്മിറ്റിക്കു കീഴിൽ പാഠ്യപദ്ധതി തയ്യാറാക്കാൻ 25 ഫോക്കസ്‌ ഗ്രൂപ്പ്‌ പ്രവർത്തനം തുടങ്ങി.   കേന്ദ്ര വിദ്യാഭ്യാസനയത്തിൽനിന്ന്‌ ഒഴിവാക്കിയ ഭരണഘടന, മതനിരപേക്ഷത, ജനാധിപത്യമൂല്യങ്ങൾ, നവോത്ഥാന നായകർ തുടങ്ങിയ മേഖലകൾക്ക്‌ കേരളത്തിലെ പാഠ്യപദ്ധതിയിൽ സ്ഥാനമുണ്ടാകുമെന്നും മന്ത്രി മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.  കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനുമായുള്ള കൂടിക്കാഴ്‌ചയിൽ ദേശീയ വിദ്യാഭ്യാസനയത്തിൽ ചില നിർദേശങ്ങൾ സംസ്ഥാനം മുന്നോട്ടുവച്ചു. നയം സംബന്ധിച്ച അഭിപ്രായം ആഗസ്‌ത്‌ അവസാനവാരം കേന്ദ്രത്തെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. അധിക സഹായം ഉറപ്പാക്കുമെന്ന് കേന്ദ്രം പൊതുവിദ്യാഭ്യാസയജ്ഞത്തിലൂടെ കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ കുട്ടികൾ വർധിച്ചതോടെ അധിക സഹായം നൽകാമെന്ന്‌ കേന്ദ്രസർക്കാർ. മന്ത്രി വി ശിവൻകുട്ടിയും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാനും നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനം.  പൊതുവിദ്യാഭ്യാസരംഗത്തെ പ്രശംസിച്ച കേന്ദ്രമന്ത്രി കേരളത്തിലെത്തുമ്പോൾ സ്‌കൂളുകൾ സന്ദർശിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചെ മന്ത്രി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ രണ്ടാം ഗഡു അനുവദിക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാമെന്നും കേന്ദ്രമന്ത്രി ഉറപ്പുനൽകി. പാചകത്തൊഴിലാളികളുടെ ഓണറേറിയത്തിലെ കേന്ദ്രവിഹിതം വർധിപ്പിക്കാൻ കൂടുതൽ ചർച്ചവേണമെന്ന് കേന്ദ്രം നിലപാടെടുത്തു.  കേന്ദ്ര സ്കോളർഷിപ്പിന്റെ എണ്ണം ജനസംഖ്യാ കണക്കെടുപ്പ് അനുസരിച്ച് വർധിപ്പിക്കാമെന്നും കേന്ദ്രം ഉറപ്പുനല്‍കി. ഹയർസെക്കൻഡറി വിഭാഗത്തിൽ നൈപുണി വികസന കേന്ദ്രം ബ്ലോക്ക്തലത്തിൽ രൂപീകരിക്കും. ഇത്‌ കുട്ടികളുടെ ശാസ്‌ത്രാഭിരുചി വർധിപ്പിക്കുന്ന സ്റ്റാർസ് പദ്ധതിയുടെ ഭാഗമാക്കും. എംപിമാരായ എളമരം കരീം, ഡോ. ജോൺ ബ്രിട്ടാസ്, വി ശിവദാസൻ എന്നിവരും കൂടിക്കാഴ്‌ചയിൽ പങ്കെടുത്തു.   Read on deshabhimani.com

Related News