നേമം ടെർമിനൽ: കേന്ദ്ര റെയിൽമന്ത്രി കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി നിഷേധിച്ചത്‌ മുരളീധരന്റെ ഗുഢാലോചന- മന്ത്രി ശിവൻകുട്ടി



ന്യൂഡൽഹി> നേമം ടെർമിനൽ വിഷയത്തിൽ കേരളത്തിൽ നിന്നുള്ള മൂന്നു മന്ത്രിമാരെ കാണാൻ കേന്ദ്രറെയിൽമന്ത്രി അശ്വിനി വൈഷ്‌ണവ്‌  വിസമ്മതിച്ചതിന്‌ പിന്നിൽ ബിജെപി ഗുഢാലോചനയെന്ന്‌ മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപരും ജില്ലയിൽ നിന്നുള്ള മന്ത്രിമാരുടെ ഇടപെടലിന്‌ ശേഷം പദ്ധതിയിൽ പുരോഗതിയുണ്ടാകരുതെന്ന്‌ നിർബന്ധമുള്ള  കേന്ദ്രമന്ത്രി വി മുരളീധരനാണ്‌ ഇതിന്‌ പിന്നിലെന്നും മന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്തെിയ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ മൂന്നുമന്ത്രിമാർ ഒപ്പുവെച്ച പരാതി കൈമാറുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. ഒരാഴ്‌ച മുമ്പ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ സമയം അനുവദിച്ചെന്ന്‌ കാട്ടി അറിയിപ്പ്‌ ലഭിച്ചിരുന്നു. എന്നാൽ ഒരു ദിവസം മുമ്പ്‌ മുരളീധരന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കൾ ഡൽഹിയിലെത്തി മന്ത്രിയെ കണ്ടു. കേരളത്തിൽ നിന്നുള്ള മന്ത്രിമാരെ കാണരുതെന്ന്‌ ഇവർ അശ്വിനി വൈഷ്‌ണവിൽ സമ്മദ്ദവും ചെലുത്തി. തുടർന്നാണ്‌ ഭരണഘടനയേയും ഫെഡറൽ തത്വങ്ങളെലും കാറ്റിൽ പറത്തി അനുമതി നിഷേധിച്ചതെന്നും ശിവൻകുട്ടി പറഞ്ഞു. സാധാരണ സംസ്ഥാന മന്ത്രിമാർ കൂടിക്കാഴ്‌ചയ്‌ക്ക്‌ സമയം ചോദിച്ചാൽ നൽകാറാണ്‌ പതിവ്‌. അവരുടെ നിവേദനം വാങ്ങുന്നത്‌ മര്യാദയാണന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു.   നേമം ടെർമിനൽ പദ്ധതി ഉപേക്ഷിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ നിവേദനം നൽകാനെത്തിയ  മന്ത്രിമാരായ വി ശിവൻക്കുട്ടി, ജി ആർ അനിൽ ആന്റണി രാജു എന്നിവർക്കാണ്‌ അനുമതി നിഷേധിച്ചത്‌. Read on deshabhimani.com

Related News