കർഷകർക്കെതിരായ പെപ്സികോ കേസ്; ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയാണ് വെളിവാകുന്നത്: വി എസ്



തിരുവനന്തപുരം> ആഗോള മൂലധന ശക്തികളുടെ താല്‍പ്പര്യത്തിനനുസരിച്ചേ ഇന്ത്യയിലെ കര്‍ഷകര്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടാവൂ എന്ന ഭരണകൂട ന്യായവിധി ഇന്ത്യയിലെ കര്‍ഷകര്‍ക്ക് സ്വീകാര്യമല്ലെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍‌ പറഞ്ഞു. പെപ്സിയുടെ ബ്രാന്‍ഡ് ഉല്‍പ്പന്നമായ ലെയ്സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിന്‍റെ പേരില്‍ രാജസ്ഥാനിലെ കര്‍ഷകരോട് പെപ്സി നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്.  ഉല്‍പ്പാദിപ്പിച്ച ഉരുളക്കിഴങ്ങും അത് കൃഷി ചെയ്ത ഭൂമിയും വിറ്റാലും ഒടുക്കാനാവാത്ത നഷ്ടപരിഹാരമാണ് പെപ്സി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ തകര്‍ച്ച വന്ന വഴിയാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത്.  കാര്‍ഷിക ഉല്‍പ്പാദനവും സംഭരണവും വിതരണവുമൊന്നും ഭരണകൂടത്തിന്‍റെ പരിഗണനാ വിഷയമേയല്ല.  ധനമൂലധനത്തിന് പരവതാനി വിരിച്ച്, തൊഴിലാളി കര്‍ഷകാദി ജനവിഭാഗങ്ങളെ ഉല്‍പ്പാദന മേഖലയില്‍നിന്ന് ആട്ടിപ്പായിക്കുകയും, അടിമകളാക്കി കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുകയും ചെയ്യുന്ന ഈ രാജ്യദ്രോഹത്തിനെതിരെക്കൂടി ആയിരുന്നു, ദില്ലിയിലേക്ക് നടന്ന കര്‍ഷക മാര്‍ച്ച്.  ആഗോള മൂലധന ശക്തികള്‍ ഇന്ത്യയില്‍ സാമ്പത്തിക വിപ്ലവം കൊണ്ടുവരും എന്ന് വ്യാമോഹിപ്പിച്ച് ഇന്ത്യയുടെ ഉല്‍പ്പാദന വ്യവസ്ഥയെ തകര്‍ത്തെറിയുന്നതിന്‍റെ ദുരന്ത ഫലമാണ്, ഇന്ത്യയുടെ നീതിന്യായ സംവിധാനങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പെപ്സിയുടെ അധിനിവേശം.  കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായും കര്‍ഷകവിരുദ്ധമായും നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍‌ ഇഴകീറി പരിശോധിച്ക്കേണ്ടിവരുന്ന നീതിപീഠങ്ങള്‍ക്ക് കര്‍ഷകവിരുദ്ധമായ വിധിയേ പുറപ്പെടുവിക്കാനാവൂ. ആഗോള ഭീമന്‍മാരായ കമ്പനികള്‍ ഇന്ത്യയില്‍ വന്ന് അടിസ്ഥാന ഉല്‍പ്പാദകരെ കൃഷിഭൂമിയില്‍നിന്ന് ആട്ടിയകറ്റുകയും, വന്‍ ഭൂശേഖരം സ്വന്തമാക്കുകയും, അവിടെ കുത്തക കാര്‍ഷിക വ്യവസ്ഥ സംസ്ഥാപിക്കുകയോ ഖനികള്‍ കുഴിക്കുകയോ ചെയ്യുകയാണ്.  ഭരണകൂടമാവട്ടെ, കുത്തകകളുടെ പക്ഷത്ത് നിലയുറപ്പിക്കുകയും, ഭൂമിയുടേയും ഉല്‍പ്പാദന വ്യവസ്ഥയുടേയും ഉടമകളെ അടിമകളാക്കി മാറ്റുകയും ചെയ്യുകയാണ്. ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ആദിവാസികള്‍, കോര്‍പ്പറേറ്റുകള്‍ കയ്യേറിയ മിച്ചഭൂമിയില്‍ കടന്നുചെന്ന് കൃഷിയിറക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതല്ല, കാര്‍ഷിക വിപ്ലവത്തിലേക്കുള്ള വഴി.  ഇന്ത്യന്‍ കര്‍ഷകരെ, കോര്‍പ്പറേറ്റുകളുടെ ഉരുളക്കിഴങ്ങ് കൃഷി ചെയ്തു എന്നാരോപിച്ച് കാര്‍ഷികവൃത്തിയില്‍നിന്ന് ആട്ടിയകറ്റുന്നത് ഒരു ക്രിമിനല്‍ ഭരണകൂടത്തിന്‍റെ ലക്ഷണമാണ്. ഇന്ത്യയിലെ ഭൂരഹിതരും ആദിവാസികളും കര്‍ഷക ജനസാമാന്യവും അതി ശക്തമായി പ്രതികരിക്കേണ്ട സാഹചര്യമാണ് ഉരുണ്ടുകൂടുന്നത്.  ആഗോള മൂലധന ശക്തികളുടെയും ഭൂമി കയ്യേറ്റക്കാരുടേയും അടിമകളാവാനല്ല, ഇന്ത്യ സ്വാതന്ത്ര്യം നേടിയത് എന്ന മിനിമം ധാരണയെങ്കിലും ഭരണവര്‍ഗത്തിന് നല്‍കാന്‍ ഇന്ത്യയിലെ കര്‍ഷകര്‍ മുന്നോട്ടു വരേണ്ട സാഹചര്യമാണ് നിലവിലുള്ളത് - വിഎസ് പറഞ്ഞു. Read on deshabhimani.com

Related News