ആഘോഷമില്ല, ആശംസാ പ്രവാഹത്തിൽ വി എസിന്റെ പിറന്നാൾ



തിരുവനന്തപുരം > സിപിഐ എമ്മിന്റെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ്‌ അച്യുതാനന്ദന്റെ 98-ാം പിറന്നാൾ ദിനമായിരുന്ന ബുധനാഴ്‌ച ആഘോഷങ്ങളില്ലായിരുന്നെങ്കിലും ആശംസകൾ പ്രവഹിച്ചു. തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകന്റെ വസതിയിൽ കഴിയുന്ന വി എസിന്റെ ജന്മദിനാഘോഷം ഭാര്യ കെ വസുമതിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം പായസത്തിലും കേക്കിലും ഒതുങ്ങി.  ഭാര്യ വസുമതി കേക്ക് മുറിച്ച് വിഎസിന്‌  മധുരം നൽകി. അനാരോഗ്യവും കോവിഡിന്റെ സാഹചര്യവും കണക്കിലെടുത്ത്‌ സന്ദർശകരെ പൂർണമായി ഒഴിവാക്കിയിരുന്നു. എന്നാൽ, മകൻ വി എ അരുൺകുമാറിന്റെ ഫോണിലും സാമൂഹ്യമാധ്യമങ്ങളിലുമായി ആശംസകൾ പ്രവഹിച്ചു. നേതാക്കളും നാട്ടുകാരും സഖാക്കളും ഫോണിൽ വിളിച്ച്‌ ആശംസ അറിയിച്ചു. ‘നിസ്വവർഗത്തിന്റെ പോരാട്ട ചരിത്രത്തിലെ നേതൃസ്‌തംഭമായ പ്രിയ സഖാവ് വി എസിന് ജന്മദിന ആശംസകൾ’ എന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്‌സ്‌ബുക്കിൽ കുറിച്ചു. മുൻ മുഖ്യമന്ത്രിക്ക്‌ ഹൃദയം നിറഞ്ഞ ആശംസകൾ എന്ന്‌ ട്വിറ്റിൽ കുറിച്ച ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ, ആരോഗ്യവും സന്തോഷവും എന്നും ഉണ്ടാകട്ടെ എന്നും കേരളത്തിലെ ജനങ്ങൾക്കൊപ്പം താനും ആശംസിക്കുന്നതായും അറിയിച്ചു. കേരളത്തിലെ സിപിഐ എമ്മിന്റെ ഇതിഹാസ നേതാവ്‌ എന്ന്‌ വിശേഷിപ്പിച്ചാണ്‌ കോൺഗ്രസ്‌ നേതാവ്‌ ജയറാം രമേഷ്‌ ആശംസിച്ചത്‌. ലാളിത്യവും സത്യസന്ധതയുമുള്ള മനുഷ്യൻ എന്നും ജയറാം രമേഷ്‌ ട്വിറ്ററിൽ കുറിച്ചു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ, കോൺഗ്രസ്‌ നേതാവ്‌ എ കെ ആന്റണി തുടങ്ങി പ്രമുഖ നേതാക്കളും ഫോണിൽ ആശംസ അറിയിച്ചു. Read on deshabhimani.com

Related News