ആർബിഐ നിർദേശം: കടന്നുകയറ്റം അനുവദിക്കില്ല : വി എൻ വാസവൻ



തിരുവനന്തപുരം സഹകരണ ബാങ്കുകളെ ദോഷകരമായി ബാധിക്കുന്ന റിസർവ്‌ ബാങ്കിന്റെ നീക്കങ്ങളെ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന്‌ സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. അടിയന്തര പ്രാധാന്യത്തോടെ പ്രതിരോധ നടപടികൾ സ്വീകരിക്കും.  ഇത്തരം നടപടികളിൽ മുമ്പും സംസ്ഥാനം ശക്തമായ ചെറുത്തുനിൽപ്പാണ് നടത്തിയത്. സഹകരണ സംഘങ്ങളിലെ നിക്ഷേപവും വായ്‌പയും അടക്കമുള്ള വിശദവിവരം സംസ്ഥാനങ്ങൾ സ്വകാര്യ ഏജൻസിക്ക് കൈമാറണമെന്ന് കേന്ദ്ര സഹകരണ മന്ത്രാലയം നിർദേശിച്ചിരുന്നു. എന്നാൽ, കേരളം വഴങ്ങിയില്ല. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായാണ് സഹകരണ ബാങ്കുകളിലേക്കുള്ള കടന്നുകയറ്റം. ഇത് അനുവദിക്കില്ല. 97–--ാം ഭരണഘടനാ ഭേദഗതിയെ ചോദ്യംചെയ്ത ഹർജിയിലെ വിധിയിലും അപ്പീൽ നൽകാനുള്ള അവസരം സർക്കാരിനുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതും വിശദമായി പരിശോധിക്കുമെന്നും പ്രാഥമിക സഹകരണ സംഘം അസോസിയേഷൻ ഭാരവാഹികളും ജീവനക്കാരുടെ പ്രതിനിധികളുമായും നടത്തിയ ചർച്ചയിൽ മന്ത്രി പറഞ്ഞു. സഹകരണ സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക്‌ പ്രസിഡന്റ്‌ ഗോപി കോട്ടമുറിക്കൽ, പാക്‌സ്‌ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി വി ജോയി എംഎൽഎ എന്നിവരും യോഗത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News