സഹകരണ ബാങ്കുകളിലെ റിസ്‌ക് ഫണ്ട് മൂന്നുലക്ഷമാക്കും: മന്ത്രി വാസവൻ

ജില്ലാ റിസ്ക് ഫണ്ട് ധനസഹായവിതരണവും ഫയൽ തീർപ്പാക്കൽ അദാലത്തും സഹകരണമന്ത്രി 
വി എൻ വാസവൻ ഉദ്ഘാടനം ചെയ്യുന്നു


കാക്കനാട്‌ > സഹകരണ ബാങ്കുകളിലെ റിസ്ക് ഫണ്ട് രണ്ടുലക്ഷത്തിൽനിന്ന് മൂന്നുലക്ഷമായി ഉയർത്തുമെന്ന്‌ സഹകരണമന്ത്രി വി എൻ വാസവൻ പറഞ്ഞു. വായ്പക്കാരന്‌ അസുഖമോ മരണമോ സംഭവിച്ചാൽ വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാതെ വരുമ്പോൾ കുടുംബത്തിനുണ്ടാകുന്ന ബാധ്യതയും വായ്‌പക്കുടിശ്ശികയും ഒഴിവാക്കുന്നതിന് റിസ്ക് ഫണ്ട് പദ്ധതി പ്രയോജനകരമാണ്‌. കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിന്റെ എറണാകുളം ജില്ലാ റിസ്ക് ഫണ്ട് ധനസഹായവിതരണവും ഫയൽ തീർപ്പാക്കൽ അദാലത്തും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിലെ സഹകരണ ബാങ്കുകളിൽനിന്ന്‌ വായ്പ എടുത്തശേഷം മരിക്കുകയോ ഗുരുതര അസുഖങ്ങൾ ബാധിക്കുകയോ ചെയ്ത 808 പേരുടെ അപേക്ഷകൾ ബോർഡ്‌ തീർപ്പാക്കി. 8,17,82,021 രൂപയ്ക്കുള്ള ചെക്കുകൾ വിതരണം ചെയ്തു. ഏഴു താലൂക്കുകളിലെ, കേരള ബാങ്ക് ഉൾപ്പെടെ 183 സംഘങ്ങളിലെ അപേക്ഷകളാണ് ധനസഹായത്തിന്‌ പരിഗണിച്ചത്. വായ്പക്കാർക്ക് ബോർഡ്‌ അനുവദിക്കുന്ന ധനസഹായം വർധിപ്പിക്കാൻ നടപടി സ്വീകരിച്ചു. ചികിത്സാസഹായം പരമാവധി 1.25 ലക്ഷം രൂപയായി വർധിപ്പിക്കാൻ നടപടി പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു. കാക്കനാട് കേരള ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ എംപി അധ്യക്ഷനായി. തൃക്കാക്കര മുനിസിപ്പൽ ചെയർപേഴ്സൻ അജിത തങ്കപ്പൻ, കൗൺസിലർ ഉണ്ണി കാക്കനാട്, സഹകരണവകുപ്പ് സെക്രട്ടറി മിനി ആന്റണി, രജിസ്ട്രാർ അലക്സ് വർഗീസ്, സജീവ് കർത്താ, ഹഫീസ് മുഹമ്മദ്, ജോളി ജോൺ, സിദ്ധി ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News