സ്വർണക്കടത്ത്‌: വി മുരളീധരന്റെ മൊഴി അനിവാര്യം, വ്യക്തത വേണമെന്ന്‌ എൻഐഎ



തിരുവനന്തപുരം > സ്വർണം കടത്തിയത്‌ നയതന്ത്രബാഗേജു വഴിതന്നെയാണെന്ന്‌ എൻഐഎ കോടതിയിൽ വ്യക്തമാക്കിയതോടെ ഇക്കാര്യത്തിൽ വിരുദ്ധ നിലപാട്‌ സ്വീകരിച്ച കേന്ദ്രമന്ത്രി വി മുരളീധരന്റെ മൊഴിയും അന്വേഷണ സംഘത്തിന്‌ എടുക്കേണ്ടിവരും. നയതന്ത്രബാഗേജ്‌ വഴിയല്ല സ്വർണം വന്നത്‌ എന്ന വി മുരളീധരന്റെ പ്രസ്‌താവന ഏത്‌ സാഹചര്യത്തിലാണെന്ന്‌ വ്യക്തത വരുത്തണമെന്നാണ്‌ എൻഐഎ നിലപാട്‌. ഇക്കാര്യം അന്വേഷിക്കാതെ കുറ്റപത്രം നൽകിയാൽ അത്‌ നിലനിൽക്കില്ലെന്ന്‌ നിയമവിദഗ്‌ധരും പറയുന്നു. സ്വർണം കടത്തിയത്‌ നയതന്ത്രബഗേജിലല്ലെന്ന്‌ ജൂലൈ എട്ടിനാണ്‌ വിദേശ സഹമന്ത്രിയായ വി മുരളീധരൻ ഡൽഹിയിൽ വെളിപ്പെടുത്തിയത്‌. എൻഐഎ അന്വേഷണം ഏറ്റെടുത്തത്‌ ജൂലൈ പത്തിന്‌. നയതന്ത്ര ബാഗേജ്‌‌ ആണെങ്കിൽ യുഎഇയുമായുള്ള കേസ്‌ ആകുമെന്നായിരുന്നു മുരളീധരന്റെ വാദം. ഇത്‌ തള്ളി, കോൺസുലേറ്റ്‌ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യണമെന്നും പ്രതിസ്ഥാനത്തേക്ക്‌ കൊണ്ടുവരുമെന്നും എൻഐഎ കോടതിയിൽ റിപ്പോർട്ട്‌ നൽകിയതോടെ വിദേശരാജ്യവുമായുള്ള കേസ്‌ എന്ന നിലയിലേക്ക്‌ സംഗതി മാറി. കേന്ദ്ര ധന സഹമന്ത്രി അനുരാഗ്‌ ഠാക്കൂർ പാർലമെന്റിൽ നൽകിയ മറുപടിയിലും സ്വർണക്കടത്ത്‌ നയതന്ത്രബാഗിലാണെന്ന്‌ വ്യക്തമാക്കി. അതിനുശേഷവും വി മുരളീധരൻ മുൻ നിലപാട്‌ ആവർത്തിച്ചത്‌ അതീവ ഗൗരവമായാണ്‌ അന്വേഷണം സംഘം കാണുന്നത്‌. Read on deshabhimani.com

Related News