ഫൈസൽ ഫരീദിനെ വിട്ടുകിട്ടാൻ അപേക്ഷിച്ചിട്ടില്ല: മന്ത്രി മുരളീധരൻ



തിരുവനന്തപുരം > സ്വർണക്കടത്ത്‌ കേസിൽ മുഖ്യകണ്ണിയായ ഫൈസൽ ഫരീദിനെ ഇന്ത്യയിലേക്ക്‌ വിട്ടുകിട്ടാൻ വിദേശമന്ത്രാലയത്തിന്‌ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെന്ന്‌ വിദേശ സഹമന്ത്രി വി മുരളീധരൻ. പാസ്‌പോർട്ട്‌ റദ്ദാക്കിയതിനാൽ,‌ മറ്റേതെങ്കിലും രാജ്യത്തേക്ക്‌ പോവുകയാണെങ്കിൽ ഇയാളെ പിടിക്കാൻ മറ്റ്‌ നയതന്ത്രമാർഗങ്ങളിലൂടെ നടപടി സ്വീകരിക്കാം. അതല്ലാതെ വിവാദകേസിലെ മുഖ്യപ്രതിയെ വിട്ടുകിട്ടാൻ ഒരു നടപടിയും കേന്ദ്ര ഏജൻസി സ്വീകരിച്ചിട്ടില്ലെന്ന്‌ ഒരു ചാനലിൽ നൽകിയ അഭിമുഖത്തിൽ കേന്ദ്രമന്ത്രി സമ്മതിച്ചു. നിലവിൽ വിദേശത്തുള്ള ഫൈസൽ മറ്റ്‌ രാജ്യങ്ങളിലേക്ക്‌ പോയാൽ നിയമാനുസൃത മാർഗങ്ങളിലൂടെ ഇന്ത്യക്ക്‌ വിട്ടുകിട്ടാൻ വഴിയുണ്ടാക്കാം. അതിന്‌ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ്‌ കേന്ദ്രമന്ത്രിയുടെ പ്രതികരണം വ്യക്തമാക്കുന്നത്‌. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാൻ എൻഐഎയ്‌ക്ക്‌ നേരിട്ട്‌ ഇടപെടാനാകില്ല. വിദേശമന്ത്രാലയത്തിന്‌ അപേക്ഷ നൽകി‌ അതിനുള്ള വഴിയൊരുക്കുകയാണ്‌ രീതി. ഇതിനായി ഒരു നീക്കവും നടന്നിട്ടില്ലെന്നാണ്‌ വിദേശ സഹമന്ത്രിതന്നെ സമ്മതിച്ചത്‌.  യുഎഇ  അറ്റാഷെയ്‌ക്ക്‌ സ്വർണക്കടത്തിൽ പങ്കില്ലെന്ന്‌ സമർഥിക്കാൻ വി മുരളീധരൻ ശ്രമിച്ചു. അറ്റാഷെയെ തടഞ്ഞുവയ്‌ക്കുന്നതും പിടിക്കുന്നതുമൊന്നും വിദേശമന്ത്രാലായത്തിന്റെ ചുമതലയല്ല. കസ്റ്റംസ്‌ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയത്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ ശുപാൾശ ചെയ്‌തതുകൊണ്ടാണെന്ന്‌ സ്ഥലംമാറ്റ ഉത്തരവിൽ ഉണ്ടോയെന്നും കേന്ദ്രമന്ത്രി ചോദിച്ചു. Read on deshabhimani.com

Related News