സമരത്തിന്‌ രാഷ്‌ട്രീയനിറം നൽകുന്നു; വിഴിഞ്ഞം സമരപന്തലിൽ വി ഡി സതീശന്‌ കൂക്കി വിളി



തിരുവനന്തപുരം > തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച്‌ വിഴിഞ്ഞത്ത്‌ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിൽനിന്ന്‌ രാഷ്‌ട്രീയനേട്ടമുണ്ടാക്കാനുള്ള പ്രതിപക്ഷനേതാവ്‌ വി ഡി സതീശന്റെ നീക്കം പൊളിഞ്ഞു. തുറമുഖകവാടത്തിന്‌ മുമ്പിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ സമരത്തിന്റെ മൂന്നാംദിനമായ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ വി ഡി സതീശൻ സമരപന്തലിൽ എത്തിയത്‌. കഴിഞ്ഞ ദിവസം സമരത്തിന്‌ ഐക്യദാർഢൃവും പ്രഖ്യാപിച്ച്‌ പ്രസ്‌താവന ഇറക്കിയിരുന്നു. തുടർന്നായിരുന്നു സന്ദർശനം. 22 ന്‌ ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ ആദ്യ വിഷയമായി മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം അവതരിപ്പിക്കുമെന്ന്‌ പ്രസംഗത്തിനിടെ അദ്ദേഹം പറയുകയും ചെയ്‌തു. അതിനിടെയായിരുന്നു ഒരുവിഭാഗം ആളുകൾ സമരത്തിന്‌ രാഷ്‌ട്രീയ നിറം നൽകുന്നതിനെതിരെ പ്രതിഷേധമറിച്ചത്‌. പ്രസംഗത്തിനിടെ കൂക്കി വിളിച്ചു. പ്രതിഷേധക്കാർക്കിടയിൽനിന്ന്‌ ഒരുവിധമാണ്‌ അദ്ദേഹം രക്ഷപ്പെട്ട്‌ കാറിൽ കയറിയത്‌. തീരശോഷണത്തിന്‌ കാരണമാകുന്ന വിഴിഞ്ഞം പദ്ധതി നിർത്തിവയ്‌ക്കണമെന്നാണ്‌ സമരക്കാരുടെ ആവശ്യം. അരുവിക്കര ഉപതിരഞ്ഞെടുപ്പിനിടെ മുഖ്യതെരഞ്ഞെടുപ്പ് വാഗ്ദാനമായി വിഴിഞ്ഞം പദ്ധതി അദാനി ഗ്രൂപ്പിന് നൽകിയത്‌ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു. പദ്ധതിയുടെ പാരിസ്ഥിതി, സാമൂഹിക ആഘാതപഠനത്തിനുള്ള (ഇഎസ്‌ഐഎ) ടേർമ്സ് ഓഫ് റഫറൻസ് അംഗീകരിച്ചത് കോൺഗ്രസ്‌ നേതാവ് ജയറാം രമേഷ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ആയിരുന്നപ്പോഴാണ്. തുടർന്നാണ്‌ പഠനം നടത്തിയത്‌.  കേന്ദ്ര പാരിസ്ഥിതികാനുമതി നൽകാനുള്ള നടപടി  ആരംഭിച്ചപ്പോഴും അനുമതി ലഭിച്ചപ്പോഴും കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ്‌ സർക്കാരായിരുന്നു ഭരിച്ചത്‌. 2015ൽ സോണിയ ഗാന്ധിയുടെ എതിർപ്പിനെ മറികടന്ന് അദാനി ഗ്രൂപ്പിന് വിഴിഞ്ഞം കരാർ നൽകുന്നതിൽ പ്രധാന പങ്ക്‌ വഹിച്ചത്‌ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തുറമുഖ  മന്ത്രി കെ ബാബുവുമായിരുന്നു. ചർച്ചയ്‌ക്ക്‌ തയ്യാർ: മന്ത്രി ആന്റണി രാജു ചർച്ചയ്‌ക്ക്‌ തയ്യാറാണെന്ന്‌  സമരത്തിന്‌ നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപത അധികൃതരെ അറിയിച്ചിട്ടുണ്ടെന്ന്‌   ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. അനുഭാവപൂർണമായ നിലപാട്‌ സർക്കാരിനുള്ളത്‌. സമരക്കാരുമായി അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്‌.  ഫിഷറീസ്‌ . റവന്യു, തുറമുഖ, തദ്ദേശ വകുപ്പ്‌ മന്ത്രിമാർ അടങ്ങുന്ന മന്ത്രി സംഘവുമായി  തിങ്കളാഴ്‌ച ചർച്ചയ്‌ക്ക്‌ തയ്യാറാകുമെന്നാണ്‌ കരുതുന്നതെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു. Read on deshabhimani.com

Related News