വിദേശ പണപ്പിരിവ്‌ അനധികൃതം ; വിശദാന്വേഷണത്തിന്‌ വിജിലൻസ്‌ അനുമതി തേടി



തിരുവനന്തപുരം പ്രളയബാധിതർക്കെന്ന പേരിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ വിദേശഫണ്ട്‌ കടത്തി മുക്കിയെന്ന പരാതിയിൽ വിജിലൻസിന്‌ നിർണായക തെളിവുകൾ  ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പദവി ദുരുപയോഗത്തിനുൾപ്പെടെ കേസെടുത്ത്‌ വിശദാന്വേഷണത്തിന്‌ വിജിലൻസ്‌ അനുമതി തേടി. ഫയൽ സർക്കാരിന്റെ പരിഗണനയിലാണ്‌.  സ്വന്തം മണ്ഡലമായ പറവൂരിൽ, 2018ലെ പ്രളയബാധിതർക്ക്‌ വീട്‌ നിർമിക്കുന്ന പുനർജനി ഭവനപദ്ധതിയുടെ പേരിൽ വിദേശത്ത്‌ വൻ പണപ്പിരിവ്‌ നടത്തിയെന്നാണ്‌ പരാതി. വിദേശരാജ്യങ്ങളിൽനിന്ന്‌ പണപ്പിരിവ്‌ നടത്താൻ 2017–-2020 കാലത്ത്‌ സതീശന്‌ അനുമതി നൽകിയിട്ടില്ലെന്ന്‌ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്‌. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ടതായതിനാൽ കേന്ദ്ര ഏജൻസികളും അന്വേഷിച്ചേക്കും. സിബിഐക്ക്‌ ലഭിച്ച പരാതിയും വിവരങ്ങളും വിജിലൻസിന്‌ കൈമാറിയിരുന്നു. സതീശന്റെ വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട്‌ വഴി പണം കൈമാറിയെന്നാണ്‌ ആരോപണം. ഇതിൽ കൂടുതൽ തെളിവ്‌ ശേഖരിക്കേണ്ടതുണ്ട്‌. യുകെ, ഗൾഫ്‌ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന്‌ പണപ്പിരിവ്‌ നടത്തിയെന്നതിന്റെ തെളിവുകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്‌. വിദേശത്തുനിന്ന്‌ പണം സ്വീകരിച്ചുവെന്ന്‌ വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ സമ്മതിച്ചിട്ടുമുണ്ട്‌. ബർമിങ്‌ഹാമിൽ പണം ആവശ്യപ്പെട്ട്‌ പ്രസംഗിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ആരോപണം ഉയർന്നപ്പോൾ, പിരിച്ച തുകയെക്കുറിച്ച്‌ സോഷ്യൽ ഓഡിറ്റ്‌ നടത്തുമെന്ന്‌ സതീശൻ പറഞ്ഞെങ്കിലും അതുണ്ടായില്ല. യൂത്ത്‌കോൺഗ്രസ്‌ എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പി എസ്‌ രാജേന്ദ്രപ്രസാദ്‌, കാതിക്കുടം ആക്ഷൻ കൗൺസിൽ പ്രസിഡന്റ്‌ ജയ്‌സൺ പാനികുളങ്ങര എന്നിവർ ഹൈക്കോടതിയിലും മുഖ്യമന്ത്രിക്കും ഇതുസംബന്ധിച്ച്‌ പരാതി നൽകിയിരുന്നു. അനധികൃതമായി വിദേശത്തുനിന്ന്‌ കോടികൾ പിരിച്ചെങ്കിലും ഈ തുക ഉപയോഗിച്ച്‌ വീടുകൾ നിർമിച്ചില്ല. സന്നദ്ധസംഘടനകളും സ്വകാര്യവ്യക്തികളും സ്‌പോൺസർ ചെയ്ത തുക ഉപയോഗിച്ച്‌  നിർമിച്ച വീടുകൾക്ക്‌ പുനർജനി എന്ന്‌ പേര്‌ നൽകുകയായിരുന്നു.  പണം മുടക്കിയ ലയൻസ്‌ ക്ലബ് പുനർജനി ബോർഡ്‌ വയ്ക്കുന്നതിനെതിരെ രംഗത്തു വന്നിരുന്നുവെന്നും പരാതിക്കാർ പറയുന്നു. Read on deshabhimani.com

Related News