സമഗ്ര കായിക വികസനനയം ജനുവരിയിൽ : വി അബ്ദുറഹിമാൻ



തിരുവനന്തപുരം സമഗ്ര കായികവികസന നയം ജനുവരിയിൽ പ്രഖ്യാപിക്കും. കരട്‌ തയ്യാറാക്കാൻ ഏഴംഗ സമിതിയെ ചുമതലപ്പെടുത്തിയതായി  മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയെ അറിയിച്ചു. ഇത്‌ കായികമേഖലയിലെ മുഴുവൻ വിഭാഗവുമായും ചർച്ചചെയ്യും. സ്‌പോർട്സ് കേരള ലിമിറ്റഡിന്റെ ഡയറക്ടർ ബോർഡ് യോഗം മാസാവസാനം ചേരും. കളിക്കളങ്ങളുടെ സംരക്ഷണവും അറ്റകുറ്റപ്പണികളും ചർച്ചയാകും. കളിക്കളങ്ങളെ സ്ത്രീസൗഹ‍ൃദമാക്കാൻ സ്റ്റേഡിയങ്ങളിൽ പിങ്ക് സോണുകൾ ആരംഭിക്കും. പിങ്ക് സ്റ്റേഡിയവും പരിഗണനയിലാണ്.  എറണാകുളം അസ്ട്രോ ടർഫ് സ്റ്റേഡിയം പുനർനിർമിക്കാൻ അഞ്ച് കോടി രൂപ വകയിരുത്തി. ജി വി രാജ സ്റ്റേഡിയത്തിലെ ടർഫ് ഹോക്കി സ്റ്റേഡിയം നിർമാണം പൂർത്തിയാകുന്നു.  കായികാധ്യാപക പരിശീലനത്തിന്‌ പദ്ധതി തയ്യാറാക്കും. പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയമുൾപ്പെടെ നിർമാണം പാതിവഴിയിലായ എല്ലാ കളിക്കളവും പൂർത്തീകരിക്കും. കലിക്കറ്റ്‌  സർവകലാശാലയിൽ സ്‌പോർട്സ് ഹബ്‌ പരിഗണിക്കും. വർഷം 50 കായികതാരങ്ങൾക്ക് ജോലി ഉറപ്പാക്കുന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.  ജില്ലാ സ്റ്റേഡിയങ്ങൾക്ക്‌ അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുമെന്നും മന്ത്രി ചോദ്യങ്ങൾക്ക്‌ മറുപടി നൽകി. Read on deshabhimani.com

Related News