അടുത്തവർഷംമുതൽ പ്രൈമറിതലത്തിൽ 
കായികപഠനം ആരംഭിക്കും: മന്ത്രി വി അബ്ദുറഹിമാൻ



തൃശൂർ പൊതുവിദ്യാഭ്യാസരംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും കായികം ഇനമായി പഠിപ്പിക്കാൻ നടപടിയായിട്ടുണ്ടെന്നും അടുത്ത വർഷംമുതൽ പ്രൈമറിതലത്തിൽ ഇത്‌ നടപ്പാക്കുമെന്നും കായിക മന്ത്രി വി അബ്ദുറഹിമാൻ. ലോകകപ്പ്‌ ഫുട്‌ബോൾ മത്സരത്തോടനുബന്ധിച്ച്‌ ദേശാഭിമാനിയും നന്തിലത്ത്‌ ജിമാർട്ടും ചേർന്ന്‌ ഒരുക്കിയ ‘ഖത്തർ സോക്കർ–- 2002’പ്രവചനമത്സര വിജയികൾക്കുള്ള സമ്മാനദാനച്ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളിലെ കായിക പഠനം ഘട്ടംഘട്ടമായി യുപി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി, കോളേജ്‌തലത്തിൽ നടപ്പാക്കും. ആദ്യപടിയായി കലിക്കറ്റ്‌ സർവകലാശാലയിൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സ്‌പോർട്‌സ്‌ വിഭാഗം ഒരുക്കി എംഎസ്‌സി, എംബിഎയിൽ സ്‌പോർട്‌സ്‌ അനുബന്ധ കോഴ്‌സുകൾ ആരംഭിക്കും. കായികരംഗത്തെ ആധുനികമായ എല്ലാകാര്യങ്ങളും ഉൾക്കൊണ്ട്‌ കൂടുതൽ പ്രോത്സാഹനം അർഹിക്കുന്ന താരങ്ങളെ കണ്ടെത്തും. ഈ രംഗത്ത്‌ തൊഴിലവസരം സൃഷ്ടിക്കും. ആരോഗ്യമുള്ള സമൂഹത്തിന്‌ സ്‌പോർട്‌സ്‌ അനിവാര്യമാണ്‌. ഇതിന്റെ പ്രോത്സാഹനം ദേശാഭിമാനിപോലുള്ള പത്രങ്ങൾ നിർവഹിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News