ഹലോ ഉസ്‌മാനല്ലേ, 
തൃക്കാക്കര തള്ളിമറിച്ചാലോ...



ദോഹയിലെ ഉസ്‌മാനെ മറന്നിട്ടില്ലല്ലോ. കോവിഡ്‌ കാലത്ത്‌, പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലയുടെ ഒറ്റ ഫോൺവിളിയിൽ ഗൾഫ്‌നാട്‌ മുഴുവൻ പ്രതിരോധമരുന്നും ഭക്ഷ്യക്കിറ്റും എത്തിച്ച്‌ ഞെട്ടിച്ചതാണ്‌ കക്ഷി.  ഇന്ത്യൻ കൾച്ചറൽ ആൻഡ്‌ ആർട്‌സ്‌ സൊസൈറ്റി അഥവാ ഇൻകാസ്‌ എന്ന കോൺഗ്രസ്‌ അനുകൂല പ്രവാസിസംഘടനയുടെ നേതാവ്‌. തൃക്കാക്കരയിൽ കോൺഗ്രസ്‌ സ്ഥാനാർഥിക്ക്‌ കൂടുതൽ വോട്ട്‌ പിടിക്കുന്ന ബൂത്തിന്‌ 25,001 രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുകയാണ്‌ ഉസ്‌മാന്റെ ഇൻകാസ്‌. സമ്മതിക്കണം. കോവിഡിനെതിരെ കോൺഗ്രസും ഉസ്‌മാനും നയിച്ച പോരാട്ടംപോലെതന്നെയാകുമോ ഈ ഇരുപത്തയ്യായിരത്തിന്റെ കഥയുമെന്ന്‌ തൃക്കാക്കരയിലെ ബൂത്തുകളിൽ ചോദ്യോത്തരപരിപാടി തുടങ്ങിക്കഴിഞ്ഞു. ചെന്നിത്തലയുടെയും ഉസ്‌മാന്റെയും ഫോൺവിളി കോവിഡ്‌കാല പിരിമുറുക്കങ്ങൾ കുറയ്‌ക്കുന്നതിൽ വലിയ പങ്കുവഹിച്ച ഐറ്റമായിത്തന്നെ ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ, തൃക്കാക്കരയിലെ ഉസ്‌മാൻഷോ ലേശം പിശകാണ്‌.  വോട്ടിനുപകരം പണവാഗ്‌ദാനമാണ്‌. ചില്ലറക്കളിയല്ല.  കോവിഡ്‌ കാലത്ത്‌ നാട്ടുകാരെ മക്കാറാക്കിയതുപോലെ എളുപ്പമാകില്ല കാര്യങ്ങൾ. മറുപടി പറയേണ്ടിവരും. ചിലപ്പോ അകത്തും പോകും.  കാര്യങ്ങൾ ഇപ്പോഴത്തെ നിലയ്‌ക്കാണ്‌ പോകുന്നതെങ്കിൽ ഉസ്‌മാൻ പ്രഖ്യാപിച്ച സമ്മാനം ഉസ്‌മാനുതന്നെ കിട്ടാനാണ്‌ സാധ്യത. സമ്മാനപ്രഖ്യാപനം വന്നപാടെ, ബൂത്തായ ബൂത്തൊക്കെ പണം മോഹിച്ച്‌ യുഡിഎഫിന്‌ വോട്ട്‌ പിടിക്കുമെന്നാണ്‌ ഉസ്‌മാനും കോൺഗ്രസും കണക്കുകൂട്ടുന്നത്‌. രൂപാ ഇരുപത്തയ്യായിരമല്ലേ കൊടുക്കുന്നത്‌. എന്നാൽ, ബൂത്തുകളിലെ കഥ വേറെയാണ്‌.  ചെന്നിത്തലയുടെ ഉസ്‌മാനെയും ഇൻകാസിനെയും തൃക്കാക്കരക്കാർ മറന്നിട്ടില്ല എന്നതാണ്‌ ഒന്നാമത്തെ കാര്യം. പിന്നെ, കോവിഡ്‌ കാലത്ത്‌ വിദേശത്ത്‌ മലമറിച്ചെന്നു പറയുന്നവർ നാട്ടിൽ കാണിച്ചുകൂട്ടിയതൊക്കെയും നാട്ടുകാർ ഓർക്കുന്നുണ്ടാകുമല്ലോ. അതുകൊണ്ട്‌, ഇതിലും വലുത്‌ കേട്ടിട്ടും അനങ്ങാത്ത ബൂത്തല്ലേ ഉസ്‌മാന്റെ തള്ളിൽ വീഴാൻ പോകുന്നത്‌ എന്നാണ്‌ ബൂത്തുകളിലെ കുശുകുശുപ്പ്‌. Read on deshabhimani.com

Related News