കേന്ദ്രമന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിപ്പ്: പ്രതി പിടിയിൽ



കൊച്ചി> കേന്ദ്രമന്ത്രിയുടെ പിഎ ചമഞ്ഞ് തട്ടിപ്പുനടത്തിയ കേസിൽ ഒരാൾ പിടിയിൽ. തൃശൂർ ജില്ലയിൽ പുന്നയൂർ വില്ലേജിൽ കൊട്ടാരത്തിൽ വീട്ടിൽ നവാബ് വാജിദിനെയാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. എൽജെപി പാർടിയുടെ കേന്ദ്രമന്ത്രിയുടെ പേരുപറഞ്ഞാണ് ഇയാൾ തട്ടിപ്പുനടത്തിയതെന്ന് പൊലീസ് പറഞ്ഞു. ‌വിവിധ രാജ്യങ്ങളിൽ കോളേജുകളും അനുബന്ധ സ്ഥാപനങ്ങളും തുറക്കുമെന്നും അതിലേക്ക് ജോലി നൽകാമെന്നും വാ​ഗ്ദാനം ചെയ്ത് വൻതുക വാങ്ങിയശേഷം വിസിറ്റിങ് വിസയിൽ അവരെ ദുബായിലേക്ക് അയക്കുകയായിരുന്നു നവാബ് വാജിദ്. ഇത്തരത്തിൽ നിരവധിപേരെയാണ് ഇയാൾ തട്ടിപ്പിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഹൊസൂർ, ബം​ഗളൂരു, നേപാൾ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. അന്വേഷകസംഘം സൈബർ സെല്ലിന്റെ സഹായത്തോടെയാണ് നവാബ് വാജിദിനെ പിടികൂടിയത്. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമീഷണർ സി ജയകുമാർ, സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ് വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ്‌ ചെയ്തത്. Read on deshabhimani.com

Related News