പാവങ്ങളുടെ കഞ്ഞിയിൽ മണ്ണിട്ട് ക്രൂരത ; കേന്ദ്ര ബജറ്റിൽ തൊഴിലുറപ്പ് വിഹിതം വെട്ടിച്ചുരുക്കി



തിരുവനന്തപുരം തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം വെട്ടിച്ചുരുക്കി ഗ്രാമീണ മേഖലയിലെ കോടിക്കണക്കിനു പാവങ്ങളുടെ കഞ്ഞിയിൽ മണ്ണിടാൻ കേന്ദ്രത്തിന്റെ ശ്രമം. കേന്ദ്രബജറ്റിൽ തൊഴിലുറപ്പ് പദ്ധതിക്ക് ഒറ്റയടിക്ക് കേന്ദ്രം വെട്ടിക്കുറച്ചത് 29,400 കോടി രൂപ. ഓരോ സാമ്പത്തിക വർഷവും വിഹിതം വൻതോതിൽ വെട്ടിക്കുറച്ച് പദ്ധതി അട്ടിമറിക്കാനാണ്‌ ശ്രമം. പദ്ധതിക്ക് 2021–- 22ൽ 98,467.85 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചതെങ്കിൽ 2022–-23ൽ ഇത് 89,400 കോടി രൂപയായി. ഇത്തവണ വീണ്ടും (2023–- 24) 60,000 കോടി രൂപയായി വെട്ടിച്ചുരുക്കി. തൊഴിലാളികൾക്ക് 100 ദിവസം തൊഴിൽ നൽകണമെങ്കിൽ ചുരുങ്ങിയത് 2.72 ലക്ഷം കോടി രൂപയെങ്കിലും ബജറ്റിൽ വകയിരുത്തണം. പദ്ധതി ഫലപ്രദമായി നടപ്പാക്കുന്ന കേരളത്തിന് ഫണ്ട് അനുവദിക്കാതിരിക്കുക എന്ന ​ഗൂഢലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ട്. രാജ്യത്താദ്യമായി തൊഴിലുറപ്പ്‌ തൊഴിലാളികൾക്ക്‌ ക്ഷേമനിധി ബോർഡുവരെ ഏർപ്പെടുത്തിയ സംസ്ഥാനമാണ് കേരളം. രാജ്യത്ത് 30.45 കോടി തൊഴിലാളികൾ 2014 മുതൽ ആരംഭിച്ച പദ്ധതിയിൽ നിലവിൽ 16.06 കോടി കുടുംബത്തിലായി 30.45 കോടി തൊഴിലാളികളാണ്‌ രാജ്യത്ത് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്‌. പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് 2005 സെപ്‌തംബറിൽ യുപിഎ സർക്കാർ തൊഴിലുറപ്പുനിയമം കൊണ്ടുവന്നത്‌. ഒന്നാം യുപിഎ സർക്കാരിന്‌ നിർണായക പിന്തുണ നൽകിയിരുന്ന ഇടതുപക്ഷത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ മൻമോഹൻ സിങ് സർക്കാർ പദ്ധതി ആവിഷ്‌കരിച്ചത്‌. Read on deshabhimani.com

Related News