ഉമ തോമസ്‌ ബിജെപി ഓഫീസിൽ; വോട്ട്‌ മറിക്കാൻ ധാരണ

തൃക്കാക്കര മണ്ഡലത്തിലെ ബിജെപി തെരഞ്ഞെടുപ്പ്‌ ഓഫീസിൽ യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസ്‌ എത്തിയപ്പോൾ


കൊച്ചി തൃക്കാക്കരയിലെ യുഡിഎഫ്‌ സ്ഥാനാർഥി ഉമ തോമസ്‌ ബിജെപി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിൽ നേരിട്ടെത്തി സഹായം അഭ്യർഥിച്ചു. തിങ്കൾ പകൽ പന്ത്രണ്ടരയോടെ പാലാരിവട്ടത്ത്‌ ബിജെപി തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിലായിരുന്നു മഹിളാ കോൺഗ്രസ്‌ പ്രവർത്തകർക്കൊപ്പം ഉമയെത്തിയത്‌. ബിജെപി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ തൃക്കാക്കരയിൽ ക്യാമ്പ്‌ ചെയ്യുന്ന കുമ്മനം രാജശേഖരൻ ഓഫീസിലുള്ളപ്പോഴാണ്‌ ഉമ എത്തിയത്‌.   ‘സഹായിക്കണം, പ്രാർഥിക്കണം’ എന്ന്‌  ഉമ തോമസ്‌ കുമ്മനത്തോടും ഓഫീസിലുണ്ടായിരുന്ന മറ്റു ബിജെപി നേതാക്കളോടും അഭ്യർഥിച്ചു. ബിജെപി അണികളെ ബോധ്യപ്പെടുത്താൻ സ്ഥാനാർഥി നേരിട്ട്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി ഓഫീസിലെത്തണമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ്‌ സന്ദർശനം. സന്ദർശനത്തിന്റെ വീഡിയോ ചിത്രീകരിച്ച്‌ ബിജെപി, യുഡിഎഫ്‌ ഗ്രൂപ്പുകളിൽ പോസ്‌റ്റ്‌ ചെയ്‌ത്‌ ഇരുമുന്നണിയുടെയും പ്രവർത്തകരുടെ വിശ്വാസം ഉറപ്പിക്കാനായിരുന്നു ധാരണ. മുൻധാരണപ്രകാരമുള്ള സന്ദർശനമായിരുന്നതിനാൽ മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ ഈ സമയം സ്‌ക്വാഡിൽനിന്ന്‌ മാറിനിന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ യുഡിഎഫ്‌ സ്ഥാനാർഥിയായിരുന്ന മഹിളാ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി വീണാ എസ്‌ നായരടക്കമുള്ള ചിലരാണ്‌ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നത്‌.  എറണാകുളം ജില്ലയിൽ യുഡിഎഫ്‌ പ്രതിസന്ധിഘട്ടത്തിലെല്ലാം ബിജെപിയുടെ സഹായം തേടിയിട്ടുണ്ട്‌. പരസ്‌പരം സഹായിച്ചിട്ടുമുണ്ട്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറയിൽ യുഡിഎഫ്‌ സ്ഥാനാർഥി കെ ബാബു ബിജെപിയുമായി ധാരണയിലെത്തിയിരുന്നു. ഇത്തവണ ബിജെപി വോട്ടുകൾ തനിക്കാണെന്ന് അന്ന്‌ കെ ബാബു പ്രചാരണത്തിനിടെ ചാനലുകളോട്‌ പരസ്യമായി പറയുകയുംചെയ്‌തു. ധാരണയെക്കുറിച്ച്‌ ബിജെപി അണികളെ ബോധ്യപ്പെടുത്താനായിരുന്നു ബാബുവിന്റെ പ്രസ്‌താവന. ഇതിന്‌ പ്രത്യുപകാരമായി കഴിഞ്ഞദിവസം തൃപ്പൂണിത്തുറയിലെ രണ്ട്‌ നഗരസഭാ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വോട്ട്‌ മറിച്ചുകൊടുത്ത്‌ ബിജെപി സ്ഥാനാർഥികളെ വിജയിപ്പിച്ചിരുന്നു. കഴിഞ്ഞതവണ യുഡിഎഫിന് 144 വോട്ട് ലഭിച്ച ഇളമനത്തോപ്പിൽ ഇത്തവണ കിട്ടിയത്‌ 70 വോട്ട്‌. ബിജെപി ജയിച്ചതാകട്ടെ 38 വോട്ടിനും. പിഷാരികോവിൽ വാർഡിൽ   ബിജെപി കടന്നുകൂടിയത്‌ 16 വോട്ടിനും. ഈ രണ്ടിടത്തും യുഡിഎഫ്‌ മൂന്നാംസ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. Read on deshabhimani.com

Related News