ഊരാളുങ്കൽ വേൾഡ് നമ്പർ 2; നേട്ടം തുടർച്ചയായി മൂന്നാംതവണ



കോഴിക്കോട് > ഊരാളുങ്കൽ സൊസൈറ്റിക്ക് ആഗോള റാങ്കിങ്ങിൽ ഹാട്രിക്. തുടർച്ചയായ മൂന്നാം  വർഷവും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റിക്ക് (യുഎൽസിസിഎസ്)  വ്യവസായ –അവശ്യസേവന മേഖലയിൽ ഉയർന്ന വിറ്റുവരവിൽ രണ്ടാം റാങ്ക്‌. ഒന്നാം സ്ഥാനം സ്പെയിനിലെ കോർപറേഷൻ മോൺട്രാഗോൺ തൊഴിലാളി സംഘത്തിനാണ്. ആദ്യ പത്തിൽ ഇന്ത്യയിൽനിന്ന് ഊരാളുങ്കൽ മാത്രമാണ്‌   ഇടം പിടിച്ചത്. ഇന്റർനാഷണൽ കോ - ഓപ്പറേറ്റീവ് അലയൻസും യൂറോപ്യൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓൺ കോ–-ഓപ്പറേറ്റീവ്സ് ആൻഡ് സോഷ്യൽ എന്റർപ്രൈസസും വർഷം‌തോറും പ്രസിദ്ധീകരിക്കുന്ന വേൾഡ് കോ ഓപ്പറേറ്റീവ് മോണിറ്ററാണ് സഹകരണസ്ഥാപനങ്ങളെ റാങ്ക് ചെയ്യുന്നത്. 2020-ലെ റാങ്കുകളാണ് റിപ്പോർട്ടിലുള്ളത്.   വടകര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഊരാളുങ്കൽ സൊസൈറ്റിയെ 2019-ൽ ഇന്റർനാഷണൽ കോ–-ഓപ്പറേറ്റീവ് അലയൻസ് അംഗത്വം നൽകി ആദരിച്ചിരുന്നു. ഈ ആഗോളസമിതിയിൽ അംഗത്വം ലഭിച്ച ഏക പ്രാഥമിക സഹകരണ സംഘമാണ് യുഎൽസിസിഎസ്. മാതൃകാ സഹകരണസംഘമായി പ്രഖ്യാപിച്ച് യുണെസ്‌കോ യുഎൽസിസിഎസിനെ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികൾതന്നെ ഭരണം നടത്തുന്ന സ്ഥാപനം എന്ന സവിശേഷതയുമുണ്ട്.   നിർമാണമേഖല, വിനോദസഞ്ചാരം, നൈപുണ്യവികസനം, വിദ്യാഭ്യാസം, കാർഷിക - ക്ഷീരോൽപ്പാദനവും സംസ്‌കരണവും, പാർപ്പിടം തുടങ്ങിയ മേഖലകളിലാണ് സൊസൈറ്റിയുടെ പ്രവർത്തനം. കോഴിക്കോട്ടെ യുഎൽ സൈബർ പാർക്ക്, യുഎൽ ടെക്നോളജി സൊല്യൂഷൻസ്, തിരുവനന്തപുരത്തും വടകരയിലുമുള്ള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജുകൾ, കൊല്ലം ചവറയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാ സ്ട്രക്‌ചർ ആൻഡ് കൺസ്ട്രക്ഷൻ തുടങ്ങിയവ സൊസൈറ്റിയുടെ മികവിന്റെ സാക്ഷ്യങ്ങളാണ്.   നിർമാണമേഖലയിൽ 13,000 തൊഴിലാളികൾക്കും ആയിരം എൻജിനിയർമാർക്കും ആയിരം സാങ്കേതിക വിദഗ്ധർക്കും ഐടിയിൽ 2000 പ്രൊഫഷണലുകൾക്കും കരകൗശലമേഖലയിൽ ആയിരത്തിൽപ്പരം പേർക്കും സ്ഥിരമായി തൊഴിൽ നൽകുന്നു. തൊഴിലാളിക്ഷേമം, സാമൂഹികക്ഷേമം എന്നിവയിലും ലോകത്തിനാകെ മാതൃകയാണ് സൊസൈറ്റി. Read on deshabhimani.com

Related News