യുജിസി വ്യവസ്ഥ സംസ്ഥാനവിരുദ്ധം ; രാജ്യത്ത്‌ നൂറിലേറെ വിസിമാർ പുറത്തുപോകും



ന്യൂഡൽഹി വൈസ്‌ ചാൻസലർ (വിസി)  നിയമനത്തിനുള്ള സെർച്ച്‌ കമ്മിറ്റിയിൽ യുജിസി പ്രതിനിധി നിർബന്ധമാണെന്ന ചട്ടം ബാധകമാക്കിയാൽ നൂറിലേറെ സർവകലാശാലകളിലെ വിസിമാർ പുറത്തുപോകേണ്ടിവരും. രാജ്യത്തെ 456 സംസ്ഥാന സർവകലാശാലകളുടെ രൂപീകരണ നിയമങ്ങളിൽ ബഹുഭൂരിപക്ഷത്തിലും വിസി നിയമന സെർച്ച്‌ കമ്മിറ്റിയിൽ യുജിസി പ്രതിനിധി വേണമെന്ന വ്യവസ്ഥയില്ല. കേന്ദ്രസർക്കാരിന്റെ താൽപ്പര്യം അടിച്ചേൽപ്പിക്കാനാണ്‌ യുജിസി പ്രതിനിധിയെ നിർബന്ധമാക്കിയത്‌. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇതിനെതിരാണ്‌. കാർഷിക സർവകലാശാലകളിൽ ഭൂരിപക്ഷത്തിലും ഇന്ത്യൻ കൗൺസിൽ ഓഫ്‌ അഗ്രികൾച്ചറൽ റിസർച്ചി (ഐസിഎആർ)ന്റെ പ്രതിനിധിയാണ്‌ സെർച്ച്‌ കമ്മിറ്റിയിൽ വരിക. രാജസ്ഥാൻ യൂണിവേഴ്സിറ്റി ഓഫ്‌ വെറ്ററിനറി ആൻഡ്‌ അനിമൽ സയൻസസിൽ വിസി നിയമനത്തിനുള്ള സെർച്ച്‌ കമ്മിറ്റി അംഗങ്ങൾ സംസ്ഥാന സർക്കാർ, സർവകലാശാലാ ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റ്‌, വെറ്ററിനറി കൗൺസിൽ, ചാൻസലർ  പ്രതിനിധികളാണ്‌. രാജസ്ഥാൻ യൂണിവേഴ്‌സിറ്റി ഓഫ്‌ ഹെൽത്ത്‌ സയൻസസിലെ വിസി നിയമന സെർച്ച്‌ കമ്മിറ്റിയിൽ ഉൾപ്പെടുന്നത്‌ സംസ്ഥാന സർക്കാർ, സർവകലാശാലാ ബോർഡ്‌, ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ ഡയറക്ടർ ജനറൽ, ചാൻസലർ പ്രതിനിധികളുമാണ്‌. ജോധ്‌പുർ കാർഷിക സർവകലാശാലയിൽ സംസ്ഥാന സർക്കാരിന്റെയും സർവകലാശാലാ ബോർഡ്‌ ഓഫ്‌ മാനേജ്‌മെന്റിന്റെയും ഐസിഎആറിന്റെയും ചാൻസലറുടെയും പ്രതിനിധികളാണ്‌ സെർച്ച്‌ കമ്മിറ്റിയിൽ. ആന്ധ്രപ്രദേശ്‌ ഹോട്ടികൾച്ചറൽ സർവകലാശാലയിൽ സംസ്ഥാന സർക്കാർ, ചീഫ്‌ സെക്രട്ടറി, ഐസിഎആർ ഡയറക്ടർ ജനറൽ പ്രതിനിധികൾ സെർച്ച്‌ കമ്മിറ്റിയിൽവരുന്നു. ആന്ധ്രപ്രദേശ്‌ ഫിഷറീസ്‌ ആൻഡ്‌ ഓഷൻ സർവകലാശാലയിലും സംസ്ഥാന സർക്കാർ പ്രതിനിധികളാണ്‌ സെർച്ച്‌ കമ്മിറ്റിയിൽ. ബംഗാളിൽ സർവകലാശാലാ ഗവേണിങ്‌ ബോർഡുകളുമായോ സർക്കാരുമായോ കൂടിയാലോചിച്ച്‌ ചാൻസലർ അതത്‌ വൈസ്‌ ചാൻസലർമാരെ നിയമിക്കണമെന്നാണ്‌ പൊതുവ്യവസ്ഥ. സർവകലാശാലാ വിസി നിയമനങ്ങൾക്കുള്ള സെർച്ച്‌ കമ്മിറ്റിയിൽ യുജിസി ചെയർമാന്റെ പ്രതിനിധി വേണമെന്ന്‌ 2018ലാണ്‌ കേന്ദ്രം ചട്ടം ഭേദഗതി ചെയ്‌തത്‌. സംസ്ഥാന സർവകലാശാലകളുടെ പ്രവർത്തനത്തിന്‌ അടിസ്ഥാനം അതത്‌ നിയമസഭ പാസാക്കിയ നിയമങ്ങളാണ്‌. വിദ്യാഭ്യാസമേഖലയിൽ കേന്ദ്രസർക്കാർ നടത്തുന്ന അമിതാധികാര പ്രയോഗത്തിന്റെ ഭാഗംകൂടിയാണ്‌ യുജിസിയുടെ പുതിയ ചട്ടങ്ങൾ. Read on deshabhimani.com

Related News