യുഡിഎഫ് നടുക്കടലില്‍ ; ഒരാഴ്‌ചയ്‌ക്കുള്ളിൽ യുഡിഎഫ്‌ വിട്ടത്‌ 
രണ്ട്‌ നേതാക്കൾ ; അടുത്തത് ആര് ?



കൊച്ചി തൃക്കാക്കരയിലെ സ്ഥാനാർഥിനിർണയത്തിലെ വി ഡി സതീശന്റെയും കെ സുധാകരന്റെയും  ഏകാധിപത്യശൈലിക്കെതിരെ വരുംദിവസങ്ങളിൽ കൂടുതൽപേർ പരസ്യമായി രംഗത്തുവരുമെന്ന്‌ മുതിർന്ന നേതാവ്‌ കെ വി തോമസ്‌ എൽഡിഎഫ്‌ വേദിയിൽ വന്നു പറഞ്ഞിട്ട്‌ ഒരാഴ്‌ചയാകുംമുമ്പ്‌ ഡിസിസി ജനറൽ സെക്രട്ടറി എം ബി മുരളീധരനും കോൺഗ്രസ്‌ വിട്ടു. ഉപതെരഞ്ഞെടുപ്പിനിടെ എറണാകുളത്തെ കോൺഗ്രസിനോട്‌ വിടപറഞ്ഞ രണ്ടാമത്തെ നേതാവാണ്‌ മുരളീധരൻ. മൂന്നുവട്ടം കോർപറേഷൻ കൗൺസിലറായ ഇദ്ദേഹം തൃക്കാക്കര മണ്ഡലത്തിൽ യുഡിഎഫിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ മുൻനിര നേതാവാണ്‌.  പ്രതിപക്ഷനേതാവിന്റെ പ്രവർത്തനശൈലിയോട്‌ യോജിക്കാൻ കഴിയുന്നില്ലെന്നും കുറച്ചുദിവസമായി പാർടി വിടുന്ന കാര്യം ആലോചിക്കുകയായിരുന്നുവെന്നുമാണ്‌ എം ബി മുരളീധരൻ മാധ്യമങ്ങളോട്‌ പറഞ്ഞത്‌.  വിയോജിപ്പുള്ള ഒട്ടേറെ നേതാക്കൾ പാർടിയിലുണ്ടെന്നും അടുത്തദിവസം അവരും പരസ്യമായി പറയുമെന്നുമാണ്‌ മുരളീധരൻ പറഞ്ഞത്‌. രാഷ്‌ട്രീയവിരോധത്തിന്റെ പേരിൽ തൃക്കാക്കരയുടെ വികസനം തടയുന്നതിനെതിരെയും പാർടിയിൽ ചർച്ച ചെയ്യാതെ സതീശനും സുധാകരനും സ്ഥാനാർഥിയെ തീരുമാനിച്ചതിനുമെതിരെ തെരഞ്ഞെടുപ്പുവിജ്ഞാപനം വരുംമുമ്പുതന്നെ കോൺഗ്രസിൽ പ്രതിഷേധം ഉരുണ്ടുകൂടിയിരുന്നു. ആദ്യ വെടിപൊട്ടിച്ചത്‌ യുഡിഎഫ്‌ ജില്ലാ ചെയർമാനും മുൻ എംഎൽഎയുമായ ഡൊമിനിക്‌ പ്രസന്റേഷനാണ്‌. സഹതാപംകൊണ്ട്‌ തൃക്കാക്കരയിൽ ജയിച്ചുകയറില്ലെന്നും സാമൂഹിക സമവാക്യങ്ങൾ പാലിക്കണമെന്നും അദ്ദേഹം പരസ്യമായി പറഞ്ഞു. ബെന്നി ബഹനാൻ എംപി, കെ ബാബു എംഎൽഎ എന്നിവരും എ ഗ്രൂപ്പ്‌ സീറ്റിൽ ഐ ഗ്രൂപ്പ്‌ സ്ഥാനാർഥിയെ നിശ്‌ചയിച്ച രീതിയെ പാർടിക്കകത്ത്‌ ശക്തമായി വിമർശിച്ചിരുന്നു. തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരസ്യമായ തർക്കം ഒഴിവാക്കാൻ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും ഇടപെട്ട്‌ വെടിനിർത്തലുണ്ടാക്കിയെങ്കിലും പാർടിക്കകത്ത്‌ നിൽക്കുന്ന പ്രതിസന്ധിയാണ്‌ 12ന്‌ കെ വി തോമസിലൂടെയും വ്യാഴാഴ്‌ച  എം ബി മുരളീധരനിലൂടെയും പുറത്തുവന്നത്‌.  അച്ചടക്കനടപടി ഭയന്നാണ്‌ പലരും പരസ്യപ്രതിഷേധത്തിന്‌ തയ്യാറാകാത്തതെന്ന്‌ കെ വി തോമസ്‌ പറഞ്ഞത്‌ ശരിവയ്‌ക്കുന്നതാണ്‌ സമീപകാല സംഭവങ്ങൾ. Read on deshabhimani.com

Related News