സ്റ്റാൻഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പ്‌ : മുഴപ്പിലങ്ങാട് യുഡിഎഫ്-–- എസ്ഡിപിഐ കൂട്ടുകെട്ട്



മുഴപ്പിലങ്ങാട് മുഴപ്പിലങ്ങാട് പഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ്-–-എസ്ഡിപിഐ കൂട്ടുകെട്ട്. മൂന്ന് സ്റ്റാൻഡിങ്‌ കമ്മിറ്റികളിലായി കോൺഗ്രസിലെ രണ്ടുപേരെയും എസ്ഡിപിഐയിലെ ഒരാളെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്‌ എൽഡിഎഫിലെ സി ബിജേഷാണ്‌ ധനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ. വികസന, -ക്ഷേമ സ്റ്റാൻഡിങ്‌ കമ്മിറ്റികളുടെ ചെയർമാൻ സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ സഹായത്തോടെ കോൺഗ്രസിലെ എം റീജ, എ സുന്ദരൻ എന്നിവരും ആരോഗ്യ–- വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് യുഡിഎഫ് സഹായത്തോടെ എസ്ഡിപിഐയിലെ റെജീനയും തെരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫ് ആറ്‌, യുഡിഎഫ് അഞ്ച്‌, എസ്ഡിപിഐ നാല്‌ എന്നിങ്ങനെയാണ്‌ കക്ഷിനില. കോൺഗ്രസിന് നാലും ലീഗിന് ഒന്നും മെമ്പർമാരാണുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിലും എസ്ഡിപിഐയെ സഹായിക്കുന്ന സമീപനമായിരുന്നു യുഡിഎഫിന്റെത്. എസ്ഡിപിഐ ജയിച്ച നാല് വാർഡുകളിലും വോട്ടുകച്ചവടം നടന്നു. മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എസ്‌ഡിപിഐയെ ജയിപ്പിച്ചത് സിപിഐ എമ്മാണെന്നുപറഞ്ഞ് കോൺഗ്രസ്‌ നേതാവ്‌ കെ സുധാകരൻ വാർത്താസമ്മേളനം നടത്തിയിരുന്നു. എസ്‌ഡിപിഐ നാല്‌ സീറ്റ്‌ നേടിയതും യുഡിഎഫ്‌ സഹായത്തോടെയാണെന്ന്‌ സ്റ്റാൻഡിങ്‌ കമ്മിറ്റി തെരഞ്ഞെടുപ്പും വ്യക്തമാക്കിയിരിക്കുകയാണ്‌. എസ്ഡിപിഐയുമായി സഖ്യത്തിലായാൽ രാജിവയ്‌ക്കുമെന്നു പറഞ്ഞ പത്താം വാർഡംഗം എ സുന്ദരനാണ് അവരുടെ പിന്തുണയോടെ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാനായത്. Read on deshabhimani.com

Related News