ജനം സർക്കാരിനൊപ്പം; 
ഭരണസ്തംഭനം കെട്ടുകഥ



തിരുവനന്തപുരം തൃക്കാക്കരയിൽ രാഷ്‌ട്രീയം പറയാൻ കഷ്ടപ്പെടുന്നതിനാൽ ‘ഭരണസ്തംഭനം’ എന്ന കെട്ടുകഥയുമായി യുഡിഎഫ്‌. കോൺഗ്രസിനെ കൈയയഞ്ഞ്‌ സഹായിക്കുന്ന ഏതാനും മാധ്യമങ്ങളാണ്‌ നിരുത്തരവാദപരമായ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നത്‌. കേരളത്തിൽ ഏതെങ്കിലും സർക്കാർ പദ്ധതിയോ പരിപാടികളോ മുടങ്ങിയതായി ഇവർക്ക്‌ പറയാനുമില്ല. തലസ്ഥാനത്ത്‌ മന്ത്രിസഭായോഗങ്ങളും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന വിവിധ പരിപാടിയും സുഗമമായി നടക്കുന്നു. തൃക്കാക്കരയിൽ ഭരണവിരുദ്ധ വികാരം ഇല്ലെന്നു മാത്രമല്ല, സർക്കാരിനെ ജനം പിന്തുണയ്ക്കുന്നുവെന്ന തിരിച്ചറിവാണ്‌ യുഡിഎഫിനെയും ഏതാനും മാധ്യമങ്ങളെയും നുണപ്രചാരണത്തിന്‌ പ്രേരിപ്പിക്കുന്നത്‌. 20,808 കുടുംബത്തിന്‌ ലൈഫ്‌ വീടിന്റെ താക്കോൽ കഴിഞ്ഞയാഴ്‌ചയാണ്‌ മുഖ്യമന്ത്രി കൈമാറിയത്‌. നവകേരള ഫെലോഷിപ് വിതരണം, സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്റെയും സ്‌പെഷ്യൽ ബ്രാഞ്ച്‌ ആസ്ഥാനമന്ദിരത്തിന്റെയും ഉദ്‌ഘാടനം തുടങ്ങിയ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുത്തു. സന്തോഷ്‌ ട്രോഫി ടീം അംഗങ്ങൾക്ക്‌ പാരിതോഷികം, 700 കെഎസ്‌ആർടിസി ബസ്‌ വാങ്ങാൻ അനുമതി തുടങ്ങി സുപ്രധാന തീരുമാനങ്ങളെടുത്ത മന്ത്രിസഭായോഗം നടന്നതും കഴിഞ്ഞയാഴ്‌ച. മന്ത്രിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിലാണ്‌ മഴക്കാലപൂർവ ശുചീകരണത്തിന്‌ ഞായറാഴ്ച തുടക്കമായത്‌. മഴക്കാല പ്രതിരോധവും ദുരന്തനിവാരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി പങ്കെടുത്താണ്‌ ഉന്നതതലയോഗം ചേർന്നത്‌. വാനര വസൂരിക്കെതിരെ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രതിരോധമൊരുക്കി കഴിഞ്ഞു. പാഠപുസ്‌തകങ്ങളും യൂണിഫോമും കുട്ടികൾക്ക്‌ എത്തിക്കാൻ നേതൃത്വം നൽകുന്നത്‌ മന്ത്രി വി ശിവൻകുട്ടിയാണ്‌. ഹയർ സെക്കൻഡറി വകുപ്പ്‌ ഫയൽ അദാലത്തിലും മന്ത്രി നേരിട്ടു പങ്കെടുത്തു. ‘എന്റെ തൊഴിൽ, എന്റെ അഭിമാനം’ പദ്ധതിയുടെ സർവേക്ക്‌ മന്ത്രി എം വി ഗോവിന്ദനടക്കമുള്ളവർ നേതൃത്വം നൽകി. ഇത്തരത്തിൽ ഭരണനിർവഹണം ഏറ്റവും വേഗത്തിൽ നടക്കുമ്പോഴാണ്‌ പ്രതിപക്ഷവും മാധ്യമങ്ങളും തൃക്കാക്കര ലക്ഷ്യമിട്ട്‌ കള്ളം പ്രചരിപ്പിക്കുന്നത്‌. Read on deshabhimani.com

Related News