നിരോധിത പുകയില ഉൽപ്പന്നം മറിച്ചുവിറ്റു:- രണ്ട് പൊലീസുകാർ അറസ്റ്റിൽ

രജീന്ദ്രൻ / സജി അലക്സാണ്ടർ


കോട്ടക്കൽ പിടികൂടിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾ മറിച്ചുവിറ്റ്‌ പണം കൈക്കലാക്കിയ സംഭവത്തിൽ കോട്ടക്കൽ സ്റ്റേഷനിലെ രണ്ട്‌ പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റിലായി. എഎസ്ഐയും മലപ്പുറം താമരക്കുഴി സ്വദേശിയുമായ രജീന്ദ്രൻ (53), സീനിയർ സിവിൽ പൊലീസ് ഓഫീസറും കൊല്ലം കുണ്ടറ സ്വദേശിയുമായ സജി അലക്സാണ്ടർ (47) എന്നിവരെയാണ്‌ നാർക്കോട്ടിക്‌ ഡിവൈഎസ്‌പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌. രണ്ടുപേരെയും സർവീസിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തതായി ജില്ലാ പൊലീസ്‌ മേധാവി എസ്‌ സുജിത്‌ ദാസ്‌ അറിയിച്ചു.  കോട്ടക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏപ്രിൽ 21നാണ്‌  നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ്‌ പിടികൂടിയത്‌.  സംഭവത്തിൽ വളാഞ്ചേരി സ്വദേശികളായ രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു. കോയമ്പത്തൂരിൽനിന്ന്‌ എത്തിച്ച 48,000 പാക്കറ്റ് ഹാൻസ് ആണ്  പിടികൂടിയത്. 20 ലക്ഷത്തിലധികം വിലവരുന്ന ഹാൻസ്  മിനിവാനിൽ 32 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. പിടികൂടിയ ഹാൻസ്‌  നശിപ്പിച്ചുകളയാനായിരുന്നു കോടതി നിർദേശം. ഇതിനായി തിരിച്ച്‌  സ്റ്റേഷനിലെത്തിച്ച ഹാൻസ് പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്‌ ഇപ്പോൾ അറസ്റ്റിലായ പൊലീസുകാർ ഒന്നര ലക്ഷം രൂപയ്ക്ക് അവ മറിച്ചുവിറ്റതായി കണ്ടെത്തിയത്. Read on deshabhimani.com

Related News