ആലപ്പുഴ ഇരട്ട കുഞ്ഞുങ്ങളുടെ മരണം: ട്വിൻ ടു ട്വിൻ ട്രാൻസ്‌ഫ്യൂഷൻ സിൻഡ്രോം മൂലം



ആലപ്പുഴ> ആലപ്പുഴ മെഡിക്കൽ കോളേജിൽ ഇരട്ടകളായ ഗർഭസ്ഥ ശിശുക്കൾ മരിച്ചത്‌ ട്വിൻ ടു ട്വിൻ ട്രാൻസ്‌ഫ്യൂഷൻ സിൻഡ്രോം (ഒരു കുഞ്ഞിൽനിന്ന് മറ്റേ കുഞ്ഞിലേക്ക് മറുപിള്ള വഴി രക്തം സംക്രമിക്കുന്ന അവസ്ഥ) മൂലം. കാർത്തികപ്പള്ളി മഹാദേവികാട്‌ പുളിക്കീഴ്‌ സ്വദേശിനിയുടെ കുഞ്ഞുങ്ങളാണ്‌ മരിച്ചത്‌. സാധാരണ രണ്ടു കുഞ്ഞുങ്ങൾ ഉള്ളപ്പോൾ രണ്ടു മറുപിള്ള ഉണ്ടാകും. ഇവിടെ രണ്ടു കുഞ്ഞുങ്ങൾക്കുംകൂടി ഒരു മറുപിള്ള മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ വിവരം യുവതിയേയും ബന്ധുക്കളെയും നേരത്തെ അറിയിച്ചിട്ടുള്ളതാണ്. ഗർഭധാരണം 36 ആഴ്ച പിന്നിട്ടതുകൊണ്ടും ടെസ്‌റ്റുകളിലും സ്‌കാനിങ്ങിലും അമ്മയ്‌ക്കും കുഞ്ഞിനും പ്രശ്‌ന‌ങ്ങൾ ഇല്ലാതിരുന്നതിനാലും ബുധനാഴ്‌ച  സിസേറിയൻ തീരുമാനിച്ചിരുന്നു. ചൊവ്വ രാത്രി കുഞ്ഞിന് അനക്കം കുറവുള്ളതായി കണ്ടെത്തിയതിനെതുടർന്ന്‌ ഡോപ്ലർ ഉൾപ്പെടെയുള്ള സ്‌കാനിങ്ങിൽ കുഞ്ഞിന് ഹൃദയമിടിപ്പ്‌ നേരിയ തോതിലായെന്നും കണ്ടെത്തി. തുടർന്ന്‌ രോഗിയുടെ ബന്ധുക്കളുടെ അനുമതിയോടെ അടിയന്തിര സിസേറിയൻ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തു. ഒരു കുഞ്ഞിന്‌  ചുവപ്പുനിറവും മറ്റേ കുഞ്ഞ്‌ വെളുത്തുവിളറിയ നിലയിലുമായിരുന്നു. ഇരട്ടക്കുട്ടികൾക്ക് ഒറ്റ മറുപിള്ള മാത്രമുണ്ടാകുന്ന സാഹചര്യത്തിൽ സംഭവിക്കുന്നതാണ്‌ ട്വിൻ ടു ട്വിൻ ട്രാൻസ്‌ഫ്യൂഷൻ സിൻഡ്രോം. കുഞ്ഞുങ്ങൾക്കും അമ്മയ്‌ക്കും യഥാസമയം എല്ലാ വൈദ്യ ശുശ്രൂഷകളും ആശുപത്രി ലഭ്യമാക്കിയിരുന്നു. കാർത്തികപ്പള്ളി മഹാദേവികാട്‌ പുളിക്കീഴ്‌ സ്വദേശിനിയായ 32 വയസുള്ള യുവതിയെ 13നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ രണ്ടാമത്തെ ഗർഭധാരണം ആയിരുന്നു. ആദ്യ പ്രസവം സിസേറിയൻ ആയിരുന്നു. കുഞ്ഞുങ്ങളെ പോസ്റ്റ്മോർട്ടം നടത്തും. നിലവിൽ അമ്മയുടെ ആരോഗ്യനില  സുരക്ഷിതമാണെന്ന്‌ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.ടി കെ സുമ വാർത്താക്കുറിപ്പിൽ അറിയിച്ചു. Read on deshabhimani.com

Related News