സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം



തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക്  കടലില്‍ പോകാനും മത്സ്യബന്ധനം നടത്താനും അനുമതിയില്ല. ജൂലായ് 31 അര്‍ധരാത്രി വരെ 52 ദിവസമാണ് നിരോധനം.ട്രോളിങ് നിരോധന കാലയളവില്‍ ഇന്‍ബോര്‍ഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയര്‍ വളളം മാത്രമേ അനുവദിക്കു. നിരോധനത്തിന്റെ ഭാഗമായി എല്ലാ യന്ത്രവല്‍കൃത ബോട്ടുകളും വെള്ളിയാഴ്ച ഹാര്‍ബറുകളില്‍ പ്രവേശിക്കും. മുഴുവന്‍ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫിഷറീസ് കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ഹാര്‍ബറുകളിലും ലാന്റിങ് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ അടക്കും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കാന്‍ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തെരഞ്ഞെടുത്ത ഡീസല്‍ ബങ്കുകള്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കും. നിയന്ത്രണങ്ങള്‍ക്കായി ഫിഷറീസ് വകുപ്പ് മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്, കോസ്റ്റല്‍ പൊലീസ്, ഇന്ത്യന്‍ നേവി, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവരെയും സജ്ജമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മത്സ്യ തൊഴിലാളികള്‍ക്ക് രണ്ട് മാസത്തെ സൗജന്യ റേഷനും തൊഴിലാളികളുടെ 1500 രൂപ വിഹിതവും ചേര്‍ത്ത് 4500 രൂപ വിതരണം ചെയ്യും.   Read on deshabhimani.com

Related News